എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കുമെന്ന് എ.എ.പി

0
51

ന്യൂഡല്‍ഹി: 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് എഎപി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. വിഷയത്തില്‍ പുതിയ ഹര്‍ജി നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇരട്ടപദവി വഹിച്ചുവെന്ന് 20 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആം ആദ്മി പാര്‍ട്ടി വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, രാഷ്ട്രപതി ഒപ്പിട്ട സാഹചര്യത്തില്‍ പഴയ ഹര്‍ജിക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ചൊവ്വാഴ്ച പുതിയ ഹര്‍ജി സമര്‍പ്പിക്കും. എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി.