കൃത്യമാര്‍ന്ന ബോധവത്കരണ പ്രവര്‍ത്തനം ; ഷാര്‍ജയില്‍ അഗ്നിയപകടങ്ങള്‍ കുറഞ്ഞു

0
51

ഷാര്‍ജ: ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഷാര്‍ജയില്‍ അഗ്നി അപകടങ്ങള്‍ കുറഞ്ഞതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് അല്‍ നഖ്ബി. വര്‍ഷംതോറും നടത്തിയ കാമ്പയിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം 694 തീപിടുത്ത അപകടങ്ങള്‍ മാത്രമാണ് എമിറേറ്റിലുണ്ടായത്. 2016ല്‍ 746, 2015ല്‍ 828 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്. 2017ല്‍ അപകട നിരക്ക് ഏഴ് ശതമാനം കുറക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള അത്യാധുനിക അഗ്നിരക്ഷാ ഉപകരണങ്ങളും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പരിശീലനം ലഭിച്ച അഗ്നിശമനസേനാ അംഗങ്ങളും ഷാര്‍ജ സിവില്‍ ഡിഫന്‍സിന് കീഴിലുണ്ട്. മൂന്ന് ചെറിയ ഓപ്പറേറ്റിംഗ് യൂണിറ്റ് അടക്കം 13 സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളാണ് ഷാര്‍ജയിലുള്ളത്.

കഴിഞ്ഞ വര്‍ഷം വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍, തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ബോധവത്കരണ ക്ലാസുകള്‍ നല്‍കി. കൂടാതെ വിദ്യാര്‍ഥികളെയും കമ്പനി അധികൃതരെയും പൊതുജനങ്ങളെയും കാമ്പയിനില്‍ ഉൾപെടുത്തിയിരുന്നു.