കേരളം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

0
85

തിരുവനന്തപുരം: ദേശീയ തലത്തില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിനെതിരെ കുപ്രചാരണം നടന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി.സദാശിവം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താന്‍ ശ്രമിച്ചു. ക്രമസമാധാന നിലയെക്കുറിച്ച് ഒരു മാസത്തോളം ദേശീയ തലത്തില്‍ത്തന്നെ കുപ്രചാരണത്തിനു ശ്രമം. എന്നാല്‍ ഇത്തരം കുപ്രചാരണങ്ങളെയെല്ലാം കേരളം മറികടന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണു തുടക്കമായത്. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം എത്തിയപ്പോള്‍ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകര്‍ച്ച എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗം തടയുന്ന നടപടിയിലേക്ക് പ്രതിപക്ഷം കടന്നില്ല.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന്;

മാധാനത്തില്‍ കേരളം മാതൃക. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി.
കേരളം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം.

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാണ്.

പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നൊന്നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു.

സ്ത്രീകളുടേയും ദുര്‍ബല ജനവിഭാഗങ്ങളുടേയും ക്ഷേമത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകാപരം.

സാമൂഹ്യനീതിയില്‍ ഊന്നിയുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കി. ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ കേരളത്തിന് ലഭിച്ചു. ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വലിയ വിജയമായിരുന്നു.

സന്തുലിത വികസനത്തിന് ഊന്നല്‍; വികസന നേട്ടങ്ങള്‍ ഓരോ പൗരനും ലഭിക്കണം.

മഞ്ചേരി, കൊല്ലം മെഡിക്കല്‍ കോളജുകളില്‍ കാര്‍ഡിയാക് കേന്ദ്രങ്ങള്‍
കണ്ണൂരില്‍ ഒഫ്താല്‍മിക് ഇഎന്‍ടി, സൂപ്പര്‍ സ്‌പെഷല്‍റ്റി ആശുപത്രി.

ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലെയും അഴിമതി ഒഴിവാക്കും

പൊതുവിദ്യാഭ്യാസം, പിഡിഎസ്, ആരോഗ്യമേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കും

കൃഷി, ടൂറിസം, പ്രവാസികളുടെ നിക്ഷേപം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ; നെല്ല്, റബര്‍, തെങ്ങ് തുടങ്ങിയവയോട് മികച്ച പരിഗണനയാണു സര്‍ക്കാരിനുള്ളത്. എല്ലാ മേഖലയിലും ഉല്‍പാദനം വര്‍ധിപ്പിക്കാനാണു സര്‍ക്കാര്‍ തീരുമാനം.

പച്ചക്കറി ഉല്‍പാദനത്തില്‍ സംഭരണത്തിലും വിപണിയിലെത്തിക്കുന്നതിലും വിതരണത്തിലുമുള്‍പ്പെടെ സഹായിക്കും

പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകര്‍മ യൂണിറ്റുകള്‍ രൂപീകരിക്കും.

20 മാസത്തെ ഭരണത്തില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രമിച്ചു.

കേന്ദ്രസഹായം അര്‍ഹരായവര്‍ക്ക് കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതികത സ്വന്തമാക്കി മുന്നേറേണ്ടതുണ്ട്.

പ്രമേഹ ചികിത്സയ്ക്കുള്‍പ്പെടെ പ്രത്യേക പരിഗണന; കാന്‍സര്‍ ചികിത്സയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

ആയുര്‍വേദ മേഖലയില്‍ കോഴിക്കോട് കുട്ടികള്‍ക്കായി പ്രത്യേക പരിഗണന കേന്ദ്രം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും.
പൊലീസില്‍ വനിതകളുടെ സാന്നിധ്യം കൂട്ടും.

തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും രണ്ടു പ്രത്യേക വിഭാഗങ്ങള്‍.
ഫൊറന്‍സിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും.

അണ്‍ എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും

ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും.
ഓഖി: മുന്നറിയിപ്പു ലഭിച്ചയുടനെ പ്രതികരിച്ചു. എന്നാല്‍ കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം എല്ലാം തകിടം മറിച്ചു.
ഓഖി ദുരന്തത്തില്‍ നിന്നു പാഠമുള്‍ക്കൊള്ളും; ദുരന്തനിവാരണ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും.
സാങ്കേതികതയുടെ സഹായം ഇത്തരം പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കും.

കേരള മോഡല്‍ വികസനത്തില്‍ മാറ്റം വരും; ആഗോളതാപനവും മലിനീകരണ പ്രശ്‌നവുമെല്ലാം പരിഗണിച്ചായിരിക്കും മാറ്റങ്ങള്‍. തൊഴിലുകള്‍ പലതും പരമ്പരാഗത രീതികളില്‍ നിന്ന് പുതിയതിലേക്കു മാറുന്നു; ഒട്ടേറെ തൊഴിലുകള്‍ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങള്‍ തുറക്കും. ഈ സാഹചര്യത്തില്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം.
ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, റോബട്ടിക്‌സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന

അതിനിടെ, ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിഷേധമറിയിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും പ്രതിപക്ഷം ആയുധമാക്കും. സഭയിലെ സമീപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാവിലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേര്‍ന്നിരുന്നു. കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവര്‍ണറുടെ പ്രസ്താവനയും പ്രതിപക്ഷം ആയുധമാക്കിയേക്കും.

മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കു ചരമോപചാരം അര്‍പ്പിക്കാനായാണു സഭ ചൊവ്വാഴ്ച ചേരുന്നത്. 25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും. 26 മുതല്‍ 29 വരെ സഭ ചേരുകയില്ല. 30 മുതല്‍ വീണ്ടും ചര്‍ച്ച. ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.