കൊടുംഭീകരന്‍ അബ്ദുല്‍ ഖുറേഷിയെ പിടികൂടി

0
38

ന്യൂഡല്‍ഹി: 2008-ലെ ഗുജറാത്ത് സ്‌ഫോടനക്കേസിന്റെ സൂത്രധാരനും രാജ്യത്തെ ഒട്ടേറെ തീവ്രവാദ കേസുകളില്‍ പ്രതിയുമായ കൊടും ഭീകരന്‍ അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീറിനെ ഡല്‍ഹി പൊലീസ് പിടികൂടി. ഇന്ത്യയുടെ ബിന്‍ ലാദന്‍ എന്നറിയപ്പെട്ടിരുന്ന ഇയാളെ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണു പിടികൂടിയത്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍പ്പെടുന്ന ഇയാള്‍ വാഗമണ്‍ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമാണ്.

2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ ക്യാമ്പില്‍ ഇയാള്‍ പങ്കെടുത്തതായും സൂചനയുണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ് നടത്തിയതെന്നു സ്‌പെഷല്‍ സെല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പി.എസ്.കുഷ്വ അറിയിച്ചു. ഗുജറാത്തില്‍ 2008 ജൂലൈയിലും ഡല്‍ഹിയില്‍ അതേവര്‍ഷം സെപ്റ്റംബറിലുമായിരുന്നു തൗഖീര്‍ രാജ്യത്ത് സ്‌ഫോടന പരമ്പര നടത്തിയത്. 70 മിനിറ്റിന്റെ ഇടവേളയില്‍ ജൂലൈ 26-ന് 21 ബോംബുകളാണ് അഹമ്മദാബാദിലും സൂറത്തിലുമായി പൊട്ടിയത്. സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 200-ല്‍ അധികം പേര്‍ക്കു പരുക്കേറ്റു.