ഗ്രാമത്തില്‍ പതിച്ച ‘അത്ഭുതവസ്തു’ മനുഷ്യ വിസര്‍ജ്യമാണെന്ന് പരിശോധനാ സംഘം

0
69

ഗുഡ്ഗാവ്: ഗുഡ്ഗാവിന് സമീപം ഫാസില്‍പൂര്‍ ഗ്രാമത്തില്‍ ആകാശത്ത് നിന്ന് പതിച്ച അപൂര്‍വ്വ വസ്തു തിരിച്ചറിയാതെ ഗ്രാമവാസികള്‍ ആശങ്കയിലായിരുന്നു. അപൂര്‍വ്വ സാധനം ഭൂമിയില്‍ വന്നു പതിച്ച വാര്‍ത്ത കാട്ടുതീ പോലെയാണ് ഗ്രാമത്തിലൊട്ടാകെ പരന്നത്. ചിലര്‍ ഉല്‍ക്കയുടെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചതാണെന്നു വാദിച്ചപ്പോള്‍ ചിലര്‍ അമൂല്യമായ ധാതുവാണെന്ന് കരുതി ഇത് വീട്ടിലെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവെച്ചു.

ഗ്രാമനിവാസികളുടെ പരിഭ്രാന്തിയും ആശങ്കയും വര്‍ധിച്ചതോടെ ഗ്രാമമുഖ്യനും ജനങ്ങളും ജില്ലാ ഭരണകൂടത്തെ സമീപിച്ചു. തുടര്‍ന്ന് സംഭവം അന്വേഷിക്കാനായി കാലാവസ്ഥാ നീരിക്ഷണ വകുപ്പിലേയും ദുരന്ത നിവാരണ സംഘത്തിലേയും ഏതാനും അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പരിശോധനാ സംഘത്തെ അധികൃതര്‍ ഗ്രാമത്തിലേക്ക് അയച്ചു. ‘അത്ഭുത വസ്തു’വിനെ പരിശോധിച്ച അവര്‍ വിമാനത്തില്‍ നിന്നും താഴെ വീണ ഫ്രീസ് ചെയ്ത മനുഷ്യവിസര്‍ജ്യമാണ് ഗ്രാമത്തിലെത്തിയ ‘അത്ഭുത വസ്തു’ എന്ന് വ്യക്തമാക്കി. അബദ്ധവശാല്‍ വിമാനത്തില്‍ നിന്നും ലീക്ക് ആയതാവാം ഇതെന്നായിരുന്നു പരിശോധനാ സംഘത്തിന്റെ കണ്ടെത്തല്‍.

കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും തിങ്കളാഴ്ചയോടെ വിശദമായ പരിശോധനഫലം പുറത്തുവരുമെന്നും പരിശോധന സംഘം വ്യക്തമാക്കി.