ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അമേരിക്കയില്‍ ട്രംപ് വിരുദ്ധ വനിതാ മാര്‍ച്ച്

0
55


വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന്റെ വാര്‍ഷികത്തില്‍ അമേരിക്കയില്‍ ട്രംപ് വിരുദ്ധ വനിതാ മാര്‍ച്ച് നടന്നു. നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2017 ല്‍ ട്രംപ് സര്‍ക്കാരിന്റെ ഉദ്ഘാടന ദിനത്തിലും സ്ത്രീകള്‍ പ്രക്ഷോഭവവുമായി തെരുവുകളില്‍ ഇറങ്ങിയിരുന്നു.
ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസാഞ്ചല്‍സ്, ടോക്കിയോ, ലണ്ടന്‍ തുടങ്ങി ചെറുതും വലുതുമായ 250 തോളം തെരുവുകളില്‍ സ്ത്രീകള്‍ പ്രതിഷേധ റാലിയുമായി രംഗത്തിറങ്ങി. ന്യൂയോര്‍ക്കില്‍ നടന്ന റാലിയില്‍ രണ്ട് ലക്ഷം പ്രവര്‍ത്തകരും ലോസാഞ്ചലസില്‍ നടന്ന റാലിയില്‍ മൂന്ന് ലക്ഷത്തിലധികം സ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങി.

വൈറ്റ് ഹൗസിന് മുന്‍പിലും സ്ത്രീകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ചാണ് മിക്ക സ്ത്രീകളും രംഗത്തിറങ്ങിയത്. ട്രംപിന് കീഴില്‍ അമേരിക്കന്‍ ജനാധിപത്യം കുത്തഴിഞ്ഞതായി സ്ത്രീകള്‍ ആരോപിച്ചു. ട്രംപിന്റെ നയങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

വര്‍ദ്ധിച്ച ലൈംഗിക ചൂഷണം, വേതനത്തിലെ ലിംഗ വിവേചനം തുടങ്ങിയവയും പ്രധിഷേധത്തിലെ മുദ്രാവാക്യങ്ങളായി മുഴങ്ങി. വര്‍ഗീയ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരെ ട്രംപ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളും പ്രതിഷേധ പ്രകടനത്തില്‍ ഉന്നയിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഹവായിയില്‍ നിന്നും തെരേസാ ഷൂക്ക് വിഭാവനം ചെയ്ത ട്രംപ് വിരുദ്ധ വനിതാ മാര്‍ച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആഗോള പിന്തുണ നേടിയിരുന്നു.

അതേസമയം പ്രതിഷേധക്കാരെ പരിഹസിച്ച് ട്രംപ് രംഗത്തെത്തി. ഇന്ന് നല്ല കാലവസ്ഥയാണെന്നും സ്ത്രീകള്‍ക്ക് മാര്‍ച്ച് നടത്താന്‍ പറ്റിയ കാലാവസ്ഥയാണെന്നുമായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം.