നടിയെ അപമാനിക്കാന്‍ ദിലീപ് വീണ്ടും നീക്കം നടത്തുന്നുവെന്ന് പൊലീസിന്റെ സത്യവാങ്മൂലം

0
41

കൊച്ചി: നടിയെ വീണ്ടും അപമാനിക്കാന്‍ ദിലീപ് നീക്കം നടത്തുന്നതായി അന്വേഷണ സംഘം. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന നിലപാടുമായി പൊലീസിന്റെ സത്യവാങ്മൂലം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ പൊലീസ് ഇക്കാര്യം കാണിച്ച് എതിര്‍ സത്യവാങ്മൂലം നല്‍കുന്നത്.
ദിലീപിന് നടിയുടെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെടും. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹര്‍ജിയിലെ ആരോപണത്തെയും പൊലീസ് എതിര്‍ക്കും. സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നും പൊലീസ് പറയുന്നു.

പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപ്രകാരം ഈ തെളിവുകള്‍ തനിയ്ക്ക് ലഭിക്കേണ്ടതാണെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച നടിയുടെ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്.

ഒരു സ്ത്രീ ശബ്ദം ദൃശ്യങ്ങളില്‍ നിന്നും എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

കേസിലെ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജിയില്‍ താക്കീത് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.