നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന്

0
51

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് സഭ ഇന്ന് ചേരുന്നത്.

അതേസമയം, ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിഷേധമറിയിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ ഇടയുണ്ട്. ഇതിന് സംബന്ധിച്ച് കൂടിയാലോചിക്കാന്‍ യുഡിഎഫ് നേതൃത്വം ഇന്ന് രാവിലെ യോഗം ചേരുന്നുണ്ട്.

എന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് തടസ്സം വരുന്ന തരത്തിലുള്ള പ്രതിഷേധത്തിനു സാധ്യതയില്ല. കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവര്‍ണറുടെ പ്രസ്താവന പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചയായി എടുത്തുകാണിക്കും.

നന്ദിപ്രമേയചര്‍ച്ച 25 നാണ് നടക്കുക. 26 മുതല്‍ 29 വരെ സഭ അവധിയായിരിക്കും. 30 മുതല്‍ വീണ്ടും ചര്‍ച്ച ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ബജറ്റ് അവതരണം. ഏഴിനാണ് സഭാസമ്മേളനം സമാപിക്കുക.