നിസാരമല്ലാത്ത ചില അടുക്കള വിശേഷങ്ങള്‍…

0
130


വീട്ടിലെ വിശ്രമമില്ലാത്ത ഒരു ഭാഗമാണ് അടുക്കള. ദിവസേന വീട്ടമ്മമാര്‍ അടുക്കളയില്‍ പെരുമാറുമ്പോള്‍ അനാരോഗ്യപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു. നിസാരമായി കരുതുന്ന പല കാര്യങ്ങളും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

* പ്ളാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണ സാധനങ്ങളും ചൂട് വെള്ളവും നിറയ്ക്കരുത്. അത് മാരകമായ രോഗങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കും. പ്ളാസ്റ്റിക്കിന് ഉറപ്പു നല്‍കാനായി ഇവ നിര്‍മ്മിക്കുന്ന സമയത്ത് ബിസ്ഫിനോള്‍-എ (ബിപിഎ) എന്നറിയപ്പെടുന്ന രാസവസ്തു ഉപയോഗിക്കുന്നു. ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളോ വെള്ളമോ പാത്രകങ്ങളില്‍ നിറയ്ക്കുമ്പോള്‍ പാത്രങ്ങളില്‍ നിന്നും ഈ രാസപദാര്‍ഥം ഭക്ഷണത്തിലേയ്ക്ക് കലരുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പഞ്ചസാര, ഉപ്പ് തുടങ്ങിയ സാധനങ്ങള്‍ പ്ളാസ്റ്റിക് കണ്ടെയ്നറുകളില്‍ നിന്നും മാറ്റി ഗ്ളാസ് കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഗുണമേന്‍മയുള്ള പ്ളാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

* അലുമിനിയം പാത്രങ്ങളില്‍ കഴിവതും പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ സമയം അലുമിനിയത്തില്‍ പാചകം ചെയ്യുമ്പോഴും പുളിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യുമ്പോഴും അതില്‍ നിന്നും അലുമിനിയം ഒലിച്ചിറങ്ങാനുള്ള സാധ്യത ഉണ്ട്. കൂടുതലായുള്ള അലുമിനിയത്തിന്റെ ഉപയോഗം പലതരം മാരക രോഗങ്ങള്‍ക്കും കാരണമാകാം. പാത്രങ്ങള്‍ അധിക നാള്‍ ഉപയോഗിക്കുന്നതും നല്ലതല്ല.

*ചൂട് വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണ ശീലമാണ്. വെള്ളം തിളപ്പിയ്ക്കുന്നതിലൂടെ അവയിലെ കീടാണുക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അണു വിമുക്തമായ വെള്ളത്തില്‍ വീണ്ടും തിളപിക്കാത്ത വെള്ളം ചേര്‍ക്കുമ്പോള്‍ സൂക്ഷ്മാണുക്കള്‍ വീണ്ടും വെള്ളത്തിലെത്തും. എന്നാല്‍ ചൂടുവെള്ളത്തില്‍  തിളപ്പിച്ചാറ്റിയ തണുത്ത വെള്ളം ചേര്‍ത്തുപയോഗിക്കാവുന്നതാണ്.

* നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമെന്ന് പറയാനാകില്ല. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ നോണ്‍സ്റ്റിക് പാത്രങ്ങളിലെ പാചകം സുരക്ഷിതമാക്കാം. കോട്ടിംഗ് ഇളകാത്ത പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ വെറുതെ അടുപ്പില്‍വച്ച് ചൂടാക്കരുത്. നോണ്‍സ്റ്റിക് പാനുകള്‍ അധിക സമയം അടുപ്പില്‍ ഇരുന്ന് ചൂടാകുന്നത് കോട്ടിംഗ് ഇളകുന്നതിനു കാരണമാകും. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇളക്കുന്നതിന് സ്റ്റീല്‍ , അലുമിനിയം സ്പൂണുകള്‍ക്ക് പകരം തടി കൊണ്ടുള്ളവ ഉപയോഗിക്കുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാനില്‍ വയ്ച്ചോ വെള്ളം ചേര്‍ത്തോ അടുപ്പില്‍ വയ്ക്കുക. വൃത്തിയാക്കുന്ന സമയത്തും മാര്‍ദവം ഉള്ള സ്പോഞ്ച് പോലുള്ള ഉപയോഗിച്ച് വൃത്തിയാക്കുക.

* കുക്കറുകളില്‍ ആഹാരം പാചകം ചെയ്യുന്നത് സമയ ലാഭത്തിനും ഇന്ധന ക്ഷമതയ്ക്കും നല്ലതാണ്. കുക്കറുകള്‍ കൈകാര്യം ചെയ്യുന്ന രീതിയ്ക്കനുസരിച്ചാണ് അവയുടെ കാര്യക്ഷമത. ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്താല്‍ പത്ത് വര്‍ഷം വരെ കേടുപാടുകള്‍ ഇല്ലാതെ സംരക്ഷിക്കാം. സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കാതെ മാര്‍ദവമുള്ള സ്പോഞ്ചുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുക. സ്‌ക്രബ്ബറുകള്‍ ഇവയിലെ കോട്ടിംഗ് ഇളകുന്നതിനു കാരണമാകും.