പ്രിയപ്പെട്ട സിപിഎം, ഇനിയും ‘ചരിത്രപരമായ മണ്ടത്തര’ങ്ങള്‍ക്ക് കാലം ബാക്കിയില്ലെന്ന്‌ ഓര്‍ക്കുക

0
173


കെ.ശ്രീജിത്ത്

ആര്‍ക്കു വിജയം ആര്‍ക്കു പരാജയം എന്ന് തീരുമാനിക്കാനല്ല കേന്ദ്ര കമ്മിറ്റിയില്‍ കരട് രാഷ്ട്രീയ പ്രമേയം വോട്ടിനിട്ടത്
സീതാറാം യെച്ചൂരി

കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സമീപന രേഖ സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയിരിക്കുന്നു. 31ന് എതിരെ 55 വോട്ടുകള്‍ക്കാണ് രേഖ സിസി തള്ളിയത്. കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരം. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍, വി.എസ് ഒഴികെ, ഒന്നടങ്കം കാരാട്ടിന്റെ നിലപാടിനൊപ്പം നിലയുറപ്പിച്ചു. കുറേക്കാലമായി മുഖ്യധാരാ മാധ്യമങ്ങളില്‍ അവര്‍ അറിയപ്പെടുന്നത് ‘കാരാട്ട് പക്ഷം’ എന്നാണല്ലോ. മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്‍ ‘യെച്ചൂരി പക്ഷ’ക്കാരനും. അങ്ങിനെ ‘കാരാട്ട് പക്ഷ’വും ‘യെച്ചൂരി പക്ഷ’വും തമ്മിലുള്ള ദ്വന്ദയുദ്ധം തുടരുന്നതായാണ് ഡല്‍ഹിയില്‍ നിന്ന് കിട്ടുന്ന സൂചനകള്‍. യഥാര്‍ത്ഥത്തില്‍ സിപിഎം എന്താണ് ആഗ്രഹിക്കുന്നത്? ആരാണ് അവരുടെയും രാജ്യത്തിന്റെയും മുഖ്യശത്രു? കോണ്‍ഗ്രസോ അതോ ബിജെപിയോ? ഈ ചോദ്യങ്ങളെല്ലാം ഉത്തരം കിട്ടാതെ ഇപ്പോഴും ബാക്കിയാകുന്നു. ജനറല്‍ സെക്രട്ടറിയായ താന്‍ അവതരിപ്പിച്ച രേഖ പാര്‍ട്ടി തള്ളിയതോടെ യെച്ചൂരി രാജിവെയ്ക്കാന്‍ ഒരുങ്ങിയെന്നും പാര്‍ട്ടി അംഗീകരിച്ചില്ലെന്നും സൂചനകളുണ്ട്. ഇക്കാര്യം യെച്ചൂരി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പരോക്ഷമായി സൂചിപ്പിച്ചു. പാര്‍ട്ടിയാണ് തന്നോട് തുടരാന്‍ പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു. തര്‍ക്കം ഇവിടെയും തീരാന്‍ പോകുന്നില്ല എന്നാണറിയുന്നത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും പാര്‍ട്ടിയിലെ ‘ഇരുപക്ഷ’വും ബലാബലം പരീക്ഷിക്കാനാണ് സാധ്യത.

സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ഇവിടെ ആരാണ് ജയിച്ചത്? ആരാണ് പരാജയപ്പെട്ടത്? യഥാര്‍ത്ഥത്തില്‍ സിപിഎമ്മിലെ പ്രഖ്യാപിത പക്ഷങ്ങള്‍ നിരാശയിലാഴ്ത്തുന്നത് ലക്ഷക്കണക്കിന് വരുന്ന ഇടതുപക്ഷ അനുഭാവികളെയാണ്. രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തില്‍ വലതുപക്ഷ പാര്‍ട്ടികളോട് കൈക്കൊള്ളേണ്ട രാഷ്ട്രീയ സമീപനത്തെക്കുറിച്ചുള്ള ഈ തര്‍ക്കം സിപിഎമ്മിനെ കൂടുതല്‍ ദുര്‍ബലമാക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. അസഹിഷ്ണുത, വര്‍ഗീയത, ജാതീയത എന്നിങ്ങനെ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി കടുത്തതാണ്. ദിവസം കഴിയുംതോറും അത് രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷം എടുക്കേണ്ട നിലപാടിനെക്കുറിച്ച് ആ പക്ഷത്തെ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയിലെ ഈ ആശയക്കുഴപ്പം നിര്‍ഭാഗ്യകരമാണ്. ഇവിടെയാണ് സിപിഎം എന്താണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യം ഉയരുന്നത്. ഏതെങ്കിലും ഇടുങ്ങിയ താല്പര്യങ്ങള്‍ക്കുവേണ്ടിയാണോ ഇപ്പോഴെടുത്തിട്ടുള്ള തീരുമാനം? പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഏതെങ്കിലും വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമാണോ ആ തീരുമാനം? ആണെങ്കില്‍ അത് ഈ പാര്‍ട്ടിയുടെ ശവപ്പെട്ടിയില്‍ തറയ്ക്കപ്പെടുന്ന മറ്റൊരു ആണി കൂടി മാത്രമായിരിക്കുമെന്ന് ആ പാര്‍ട്ടിയിലെ എത്ര പേര്‍ മനസിലാക്കുന്നുണ്ട്?

രാജ്യത്ത് സിപിഎമ്മിലെ ഏറ്റവും ശക്തിയുള്ള ഘടകം കേരളത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരുപക്ഷെ രാജ്യത്ത് ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്നതും ജനപ്രീതിയുള്ളതുമായ നേതാക്കളില്‍ ചിലരെങ്കിലും കേരളത്തില്‍ നിന്നുള്ളവരാണ്. അതായത് രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് നേതാക്കളില്‍ മുന്‍നിരയിലാണ് അവരെന്ന് അര്‍ത്ഥം. വസ്തുത അങ്ങിനെയായിരിക്കെ പാര്‍ട്ടിയുടെ ആ ഘടകത്തിന്റെ താല്പര്യങ്ങള്‍ക്ക് പാര്‍ട്ടി വേദികളില്‍ മുന്‍തൂക്കം കിട്ടുക സ്വാഭാവികമാണ്. എന്നാല്‍ ആ ഘടകം എന്തെങ്കിലും സങ്കുചിത താല്പര്യങ്ങള്‍ സൂക്ഷിക്കുന്നവരാണോ എന്നതാണ് ചോദ്യം. കേരളത്തില്‍ സിപിഎമ്മിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആയതിനാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സൗഹൃദം ഇവിടെ ദോഷം ചെയ്യുമെന്ന തോന്നല്‍ ഇപ്പോഴത്തെ തീരുമാനമെടുക്കാന്‍ കാരണമായെങ്കില്‍ അത് സങ്കുചിതം തന്നെയാണ്. അതില്‍ വിശാല താല്പര്യങ്ങളില്ല. ഈ രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഒന്നുമാത്രമാണ് കേരളം. രാജ്യം ഒന്നാകെ അനുഭവിക്കുന്ന വെല്ലുവിളികളെ ഇത്തരം സങ്കുചിത താല്പര്യങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയില്ല. അതല്ല താത്കാലിക ലാഭങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെങ്കില്‍ അത് ഈ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുകയേ ഉള്ളൂ.

അതുകൊണ്ടുതന്നെ കേവലം ആശയപരമായ വിയോജിപ്പുകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്കയുള്ള ആരെയും നിരാശപ്പെടുത്തുന്നുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത്തരത്തിലൊരു വിഭാഗീയത കേന്ദ്രകമ്മിറ്റി ചര്‍ച്ചകളിലുണ്ടായി എന്നുവേണം അനുമാനിക്കാന്‍. അത് കേവലം രണ്ട് സംസ്ഥാനങ്ങളിലേയ്ക്കായി ഒതുങ്ങിയ പാര്‍ട്ടിയെ കൂടുതല്‍ ക്ഷീണിപ്പിക്കും. പശ്ചിമബംഗാളില്‍ അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവ് സിപിഎം പോലും പ്രതീക്ഷിക്കുന്നില്ല. പിന്നെയുള്ളത്
കേരളവും ത്രിപുരയുമാണ്. ത്രിപുര താരതമ്യേന ചെറിയൊരു സംസ്ഥാനമാണ്. അപ്പോള്‍ പിന്നെ കേരളമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതീക്ഷകളുടെ തുരുത്ത്. അതുകൊണ്ടുതന്നെ ഇവിടുത്തെ
നേതാക്കളുടെ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ഇപ്പോഴത്തെ തീരുമാനത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ആണ് ഇവിടുത്തെ തങ്ങളുടെ മുഖ്യ എതിരാളികളെന്നതാണ് ഈ നേതാക്കളെ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഒന്നിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇടയാക്കിയ ചേതോവികാരം.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ ഒറ്റയ്ക്ക് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സമീപകാല ഭാവിയിലൊന്നും സ്വപ്നം കാണാന്‍ പോലും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല കോണ്‍ഗ്രസിതര മതേതര കക്ഷികളുമായി ചേര്‍ന്ന് ദേശീയതലത്തില്‍ സഖ്യമുണ്ടാക്കി ആര്‍എസ്എസ്-ബിജെപി ശക്തികളെ നേരിടാമെന്ന സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ് എത്രത്തോളം പ്രായോഗികമാകും എന്നതും കണ്ടുതന്നെ അറിയണം. പ്രത്യേകിച്ചും മുറയ്ക്ക് നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ജനതാ പരിവാറിലെ പാര്‍ട്ടികളെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും എത്രത്തോളം വിശ്വസിക്കാന്‍ കഴിയും എന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍. ഇത്തരത്തിലുള്ള ഭൂരിപക്ഷം കക്ഷികളുടെയും നിലപാടുകളെ നിര്‍ണയിക്കുന്നത് പണവും അധികാരവുമാണെന്നത് പകല്‍ പോലെ വ്യക്തമാണ്.

കോണ്‍ഗ്രസ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന ഇടതുപക്ഷ നിലപാട് അണികള്‍ അംഗീകരിക്കുന്ന ഒന്നുതന്നെയാണ്. അതുപോലെ ചരിത്രത്തിലില്ലാത്ത വിധം ആ പാര്‍ട്ടിയുടെ അവസ്ഥ ദയനീയമാണെന്നതും വസ്തുതയാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പാര്‍ട്ടി ഇന്നും കോണ്‍ഗ്രസ് തന്നെയാണെന്ന യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുന്നത് വര്‍ഗീയശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊതുവായ നിലപാട് സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ഇടതുപക്ഷ അനുഭാവികളെ നിരാശരാക്കുന്നുണ്ട്. പ്രത്യേകിച്ചും ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി അറിയാവുന്നവരെ സംബന്ധിച്ചെങ്കിലും സിപിഎം കേന്ദ്രകമ്മിറ്റി എടുത്ത നിലപാട് ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയുടെ നിലപാടുകളോട് വിയോജിച്ചുകൊണ്ടുതന്നെ ഒന്നിച്ചുനിന്ന് പൊതുശത്രുവിനെ നേരിടാമെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ഇടതുപക്ഷ അനുഭാവികള്‍ രാജ്യത്തുണ്ട്. കോണ്‍ഗ്രസിനെ മാത്രമല്ല രാജ്യത്തെ അസംതൃപ്തരായ കര്‍ഷകര്‍, ദളിത് കൂട്ടായ്മകള്‍ തുടങ്ങി ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്ന വിഭാഗങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ശക്തി പകരുകയായിരുന്നു സിപിഎം ഈ ഘട്ടത്തില്‍ ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരുടെ എണ്ണവും കുറവല്ല.

2004ല്‍ യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചുകൊണ്ട് ദേശീയതലത്തില്‍ തങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്തവരാണ് ഇടതുപക്ഷം. എന്നാല്‍ പിന്നീട് അവര്‍ അതില്‍ നിന്ന് പിന്നോക്കം പോയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രകടനത്തില്‍ കാര്യമായി നിഴലിക്കുകയും ചെയ്തിരുന്നു. കൊടും അഴിമതികളാണ് ആ മന്ത്രിസഭയുടെ നിറം കെടുത്തിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള സര്‍ക്കാരായിരുന്നു അതെങ്കില്‍ അങ്ങിനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്ന പാര്‍ട്ടി അണികളുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതി സഹിക്കാന്‍ കഴിയാതെ, മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ജനം ബിജെപിയെ തിരഞ്ഞെടുത്തതെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ഇപ്പോഴത്തെ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തി കുറയ്ക്കുമെന്നും ബിജെപിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും സിപിഎം അണികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

എന്തായാലും ബിജെപിയെ മുഖ്യശത്രുവായിക്കണ്ട് അവരെ ഏതുവിധേനെയും എതിര്‍ക്കാനുള്ള ആന്തരികവും ബാഹ്യവുമായ ശക്തി ഇപ്പോഴത്തെ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനില്ല എന്നതില്‍ തര്‍ക്കമില്ല. സര്‍വശക്തിയുമെടുത്ത് ബിജെപിയെ എതിര്‍ക്കാന്‍ ആവശ്യം രാജ്യത്തെ മതനിരപേക്ഷ ശക്തികളുമായി, പ്രത്യേകിച്ച് കോണ്‍ഗ്രസുമായി ഒത്തുചേര്‍ന്നുള്ള മുന്നേറ്റമാണ്. അങ്ങിനെ സംഭവിക്കാത്തിടത്തോളം എങ്ങിനെയും ഫാസിസ്റ്റ് ശക്തികളെ തുരത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന സിപിഎമ്മിന്റെ അവകാശവാദം പൊതുസമൂഹത്തില്‍ വിലപ്പോവുകയില്ല. അതിന് അവര്‍ എന്ത് വിശദീകരണം നല്‍കിയാലും അവര്‍ പറയുന്നതിനെ സാധൂകരിക്കുന്നതിനുള്ള ബലം ആ വാദങ്ങള്‍ക്കില്ല എന്നതുതന്നെയാണ് കാരണം. അങ്ങിനെ വരുമ്പോള്‍ ഈ തീരുമാനം ആരുടെ ജയം, ആരുടെ പരാജയം എന്ന ചോദ്യത്തിന് അതിനുള്ളില്‍ നിന്നുതന്നെ ഉത്തരം ലഭിക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ ഉള്‍ക്കണ്ണില്‍ ആ ഉത്തരം വ്യക്തമായി തെളിയുന്നുണ്ട്. അത് ഈ രാജ്യത്തിന്റെ ഭാഗധേയത്തില്‍ ചരിത്രപരമായിരിക്കും എന്ന കാര്യം സിപിഎം ഓര്‍ക്കണമെന്ന് മാത്രം. ഭാവിയില്‍ ഒരിക്കല്‍ കൂടി ‘ചരിത്രപരമായ മണ്ടത്തരം’ എന്ന്‌ വിശേഷിപ്പിക്കേണ്ടിവന്നാല്‍ അന്ന് അതിന്റെ സമയവും കാലവും അതിക്രമിച്ചിരിക്കും എന്നുകൂടി ഓര്‍ക്കുക.