‘മനുഷ്യന്‍ കുരങ്ങനാകുന്ന കാലം നിഷേധിക്കാനാകുമോ’; കേന്ദ്രമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

0
50

ന്യൂഡല്‍ഹി: കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. മന്ത്രിക്ക് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലായുഗത്തിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്ന കാലം നിഷേധിക്കാനാകുമോ എന്നാണ് പ്രകാശ് രാജ് ചോദിച്ചത്. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രിക്കെതിരെ അദ്ദേഹം പ്രതികരിച്ചത്.

കേന്ദ്രമന്ത്രി സത്യപാല്‍ സിങാണ് കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നും വാദിച്ചത്. ഇതിനെതിരെയാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.

‘കുരങ്ങന്‍ മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ പ്രിയപ്പെട്ട സാറെ, വിപരീത കാര്യത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ. അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലാ യുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്’, എന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് മന്ത്രി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പ്രകാശ് രാജിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

‘അടിസ്ഥാനമില്ലാതെ എനിക്കൊരു കാര്യവും പറയാനാവില്ല. ഞാന്‍ ഒരു ശാസ്ത്ര പുരുഷനാണ്. രസതന്ത്രത്തിലാണ് താന്‍ പിഎച്ച്ഡി ചെയ്തത്. അല്ലാതെ കലാമേഖലയില്‍ നിന്നല്ല ഞാന്‍ വരുന്നതെന്നും’ പ്രസ്താവനയെ ന്യായീകരിച്ച് കൊണ്ട് മന്ത്രി പ്രതികരിച്ചു.