മാറ്റ് കിങ്: ഫെയ്‌സ് ബുക്കിലെ കാഴ്ചശക്തിയില്ലാത്ത ജീവനക്കാരന്‍

0
58

ലോകത്തെ മികച്ച എഞ്ചിനീയര്‍മാരുടെ വലിയ നിര തന്നെയാണ് ഫെയ്‌സ് ബുക്കിനുള്ളത്. എന്നാല്‍ ഫെയ്‌സ് ബുക്ക് എഞ്ചിനീയറായ മാറ്റ് കിങ്ങിന് സവിശേഷതകളേറെയാണ്. കാഴ്ച ഇല്ലാത്ത ഇദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചിത്രങ്ങളെയും വീഡിയോകളെയും വ്യാഖ്യാനിക്കുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ളതാകും ഈ വിദ്യ. തത്ഫലമായി ഫെയ്‌സ് ബുക്ക് നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങളെയും പരസ്യങ്ങളെയും തിരിച്ചറിയുകയും അവയെ ഒഴിവാക്കുകയും ചെയ്യാനാകും.

മാറ്റ് കിങ്ങിന് ജന്മനാല്‍ തന്നെ റെറ്റിനിറ്റിസ് പിഗ് മെന്റോസ എന്ന രോഗമുണ്ടായിരുന്നു. ബിരുദം നേടി ഐബിഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമാകുന്നത്.

ഐബിഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ബ്രെയിലീ ഉപകരണത്തിലൂടെയോ ശബ്ദസൂചികകളിലൂടെയോ ദൃശ്യങ്ങള്‍ ഗ്രഹിക്കാനാകുന്ന സ്‌ക്രീന്‍ റീഡര്‍ അദ്ദേഹം വികസിപ്പിച്ചു. അങ്ങനെ ഐബിഎം, ഗ്രാഫിക്കല്‍ ഇന്റര്‍ഫെയ്‌സിന് വേണ്ടി ആദ്യമായി സ്‌ക്രീന്‍ റീഡര്‍ നിര്‍മിച്ചു.

2015ല്‍ ഫെയ്‌സ് ബുക്കില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിക്കുന്നത് വരെ മാറ്റ് കിങ്ങ് ഐബിഎമ്മില്‍ തുടര്‍ന്നു. വൈകല്യമുള്ളവരെ ഫെയ്‌സ് ബുക്കിലെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുക എന്നതിലാണ് കിങ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

‘വൈകല്യമുള്ള ഏതൊരു വ്യക്തിയ്ക്കും ഫെയ്‌സ് ബുക്കില്‍ നിന്ന്‌ പ്രയോജനം ലഭിക്കും. പ്രയോജനകരമായ ബന്ധങ്ങള്‍ സൃഷ്ടിക്കാനും വൈകല്യങ്ങള്‍ ഒരു പരിമിതിയല്ലെന്നും വൈകല്യങ്ങളല്ല നിങ്ങള്‍ ആരെന്ന് നിര്‍വചിക്കുന്നതെന്നും ഉള്‍ക്കൊള്ളുന്നതിനുള്ള പിന്തുണ അവിടെ നിന്ന് കിട്ടും’ മാറ്റ് കിങ്ങ് പറയുന്നു.

ഫെയ്‌സ് ബുക്ക് ചിത്രങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്ന ശബ്ദസൂചകങ്ങള്‍ക്കായുള്ള ‘ഓട്ടോമാറ്റഡ്‌ ആള്‍ട്ട്-ടെക്‌സ്റ്റ് ‘ ആണ് മാറ്റ് കിങ്ങിന്റെ പ്രധാന പ്രോജക്ട്. 2016 ഏപ്രിലില്‍ നിലവില്‍ വന്ന ഓട്ടോമാറ്റഡ്‌ ആള്‍ട്ട് ടെക്‌സ്റ്റ് ഐഒഎസ് ആപ്പില്‍ അഞ്ചു ഭാഷകളില്‍ മാത്രമേ ലഭ്യമാവുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഐഒഎസ്, ആന്‍ഡ്രോയ്ഡ് തുടങ്ങിയവയില്‍ ഇരുപത്തിയൊന്‍പതിലധികം ഭാഷകളില്‍ ഇത് ലഭ്യമാകും.

‘ഫെയ്‌സ് ബുക്കില്‍ ആളുകളിടുന്ന സാധാരണ പോസ്റ്റുകള്‍ക്ക് പരിമിതമായ പദാവലിയെ ഉണ്ടാകാറുള്ളൂ. അതുകൊണ്ട് പ്രശ്‌നത്തിന് 20 ശതമാനം പരിഹാരം കണ്ടെത്തിയാല്‍ തന്നെ ബാക്കി 80 ശതമാനം കൈകാര്യ ചെയ്യാനാകും. ഞങ്ങള്‍ അവസാന 20 ശതമാനത്തിലേയ്ക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ് ‘ അദ്ദേഹം പറഞ്ഞു.

2017 ഡിസംബറില്‍ ഫെയ്‌സ് ബുക്കില്‍ ഓട്ടോമാറ്റഡ്‌ ആള്‍ട്ട് ടെക്‌സ്റ്റില്‍ നവീകരണം ഉണ്ടായി. ചിത്രത്തിലെ ഫേഷ്യല്‍ റിക്കഗ്നേഷന്‍ ഉപയോഗിച്ച് ചിത്രം ആരുടെതാണെന്ന് കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.