യാത്രക്കാരുടെ സുരക്ഷ; 12 ലക്ഷത്തോളം സിസിടിവി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

0
57

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനുകളിലും റയില്‍വേ സ്റ്റേഷനുകളിലും കൂടുതല്‍ സിസിടിവി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. 11,000 ട്രെയിനുകളിലും 8500 റെയില്‍വെ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സിസിടിവി സ്ഥാപിക്കാനാണു നീക്കം. ഇതിനായി കേന്ദ്ര ബഡ്ജറ്റില്‍ 3000 കോടി രൂപ നീക്കി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓരോ കോച്ചിലും എട്ടു ക്യാമറകള്‍ വീതമാണ് സ്ഥാപിക്കുക. ഇതോടെ വാതിലുകളും ഇടനാഴിയും അടക്കം നിരീക്ഷണത്തിലാകും. 395 സ്റ്റേഷനിലും 50 ട്രെയിനിലും മാത്രമാണു ഇപ്പോള്‍ സിസിടിവി നിരീക്ഷണമുള്ളത്. ഇതു വര്‍ധിപ്പിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയര്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ആധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.