വാക്‌സിന്‍ വിരുദ്ധ പരാമര്‍ശം: തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന വാദവുമായി എംഎല്‍എ എ.എം ആരിഫ്

0
68

തിരുവനന്തപുരം: വാക്‌സിന്‍ അനുകൂല നിലപാട് സ്വീകരിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും വാക്‌സിനെതിരെയുള്ള പ്രചരണം ശക്തിപ്പെടുത്തണമെന്നുമുള്ള പരാമര്‍ശം വിവാദമായതോടെ, തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന വാദവുമായി സിപിഎമ്മിന്റെ അരൂര്‍ എംഎല്‍എ, എ.എം ആരിഫ്. റൂബെല്ല കുത്തിവെപ്പിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്നും ഹോമിയോ ഡോക്ടറായ ഭാര്യയുടെ താത്പര്യപ്രകാരമാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാതിരുന്നതെന്നും ആരിഫ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനര്‍ത്ഥം താന്‍ റുബെല്ല കുത്തിവെപ്പിന് എതിരാണ് എന്നല്ലെന്നും സര്‍ക്കാര്‍ പദ്ധതിയെ താന്‍ പിന്തുണയ്ക്കുകയാണെന്നും വ്യക്തമാക്കിയ ആരിഫ് തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും വിശദീകരിച്ചു.
ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്ര സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു ആരിഫിന്റെ വാക്‌സിന്‍ വിരുദ്ധ പ്രസംഗം. എം.ആര്‍ വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടായിരുന്നതിനാല്‍ തനിക്ക് ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ കര്‍ശനമായ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഏറെ സമ്മര്‍ദത്തോടെ താന്‍ അതിനെ അനുകൂലിക്കുകയും ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാക്‌സിന്‍ പ്രചരിപ്പിക്കാനും എതിരഭിപ്രായങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്താനും എല്‍ഡിഎഫ് സര്‍ക്കാര്‍ കടുത്ത നിലപാടെടുക്കുന്നതിനിടയിലാണ് ഭരണപക്ഷ എംഎല്‍എ തന്നെ വാക്‌സിന്‍ വിരുദ്ധര്‍ക്ക് വേണ്ടി രംഗത്തെത്തിയത്. തന്റെ മക്കള്‍ക്ക് 24 വയസായെന്നും വാക്‌സിനേഷന്‍ നല്‍കാതെയാണ് വളര്‍ത്തിയതെന്നും പറഞ്ഞ എംഎല്‍എ ഒരു ഭാഗത്തു സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ മറുഭാഗത്ത് ശീലമില്ലാത്ത ഒരു തീരുമാനം തനിക്ക് എടുക്കേണ്ടി വന്നു എന്നും പറഞ്ഞിരുന്നു. ഈ സമയത്ത് വാക്‌സിനേഷന്‍ സംബന്ധിച്ച അവലോകന യോഗങ്ങളില്‍ പങ്കെടുക്കേണ്ടി വന്നുവെന്നും വാക്‌സിനേഷനില്‍ വിശ്വസിക്കാത്തവര്‍ക്ക് അതു വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടായിരുന്നു അന്നും ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചേ മതിയാകൂ എന്നതിനാല്‍ താന്‍ ഇരട്ടത്താപ്പാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത് എന്നും വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ല എന്നുമായിരുന്നു എംഎല്‍യുടെ വാക്കുകള്‍. നാം പറയുന്ന കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ കഴിയുന്നതിലൂടെ മാത്രമേ സമൂഹം അംഗീകരിക്കുകയുള്ളു എന്നതിനാല്‍ അതിനായുള്ള ശ്രമങ്ങളാണ് വേണ്ടത് എന്നുമായിരുന്നു ആരിഫിന്റെ വാക്കുകള്‍. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത് എന്നാണ് കരുതുന്നത്.
നേരത്തെ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ നല്‍കുന്നതിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ വാക്‌സിനേഷന് അനുകൂലമായി രംഗത്തു വന്നിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നത് തെറ്റായ നടപടിയാണെന്നും വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കുന്നതിനിടെയായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.