‘സിനിമയല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത്’:രേണുക ഷഹാനെ

0
66

മുംബൈ:സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവത് റിലീസ് ചെയ്യാന്‍ ഇനി വെറും മൂന്ന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമൊട്ടാകെ തുടരുകയാണ്. ചിത്രം നിരോധിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

ചിത്രത്തിനെതിരെ വ്യാപകമായി നടക്കുന്ന വിവാദങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേണുക ഷഹാനെ. സിനിമയല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത് എന്നായിരുന്നു രേണുകയുടെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയായിരുന്നു താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.  പത്മാവത് റിലീസ് ചെയ്യരുതെന്ന് എഴുതിയ ബാനറുമായി നില്‍ക്കുന്ന കര്‍ണിസേന പ്രവര്‍ത്തകരുടെ ചിത്രവും, പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രവുമാണ് രേണുക പോസ്റ്റ് ചെയ്തത്. പീഡനം നിരോധിക്കുക, പെണ്‍ ഭ്രൂണഹത്യ നിരോധിക്കുക, ലൈംഗിക അതിക്രമം നിരോധിക്കുക എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് നിരവധി മാറ്റങ്ങള്‍ വരുത്തിയും പേര് മാറ്റിയുമാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.