അടിമാലിയില്‍ കൊക്കയിലേക്കു ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

0
52

അടിമാലി: ദേശീയപാതയോരത്തു നിന്നും ആയിരത്തി അഞ്ഞൂറോളം അടിയുള്ള കൊക്കയിലേക്കു ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തി. ഇന്നു ഉച്ചയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഇരുട്ടുകാനം ഭാഗത്താണ് സംഭവം. തമിഴ്നാട് ഈറോഡ് സ്വദേശി കുമാര്‍ (25) ആണ് കൊക്കയില്‍ ചാടിയത്. ഉച്ചയോടെ ഇരുട്ടുകാനം വിയാറ്റ് വൈദ്യുതി നിലയത്തിനു സമീപം ബസിലിറങ്ങിയ കുമാര്‍ റോഡിന്റെ ഫില്ലിംങ് സൈഡിലുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ പോലീസിനെ അറിയിച്ചു. അടിമാലി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ രക്ഷപെടുത്തിയത്.

ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ബിജു പി. തോമസ്, ജെയിംസ് ജോയി, എസ്. ശ്രീജിന്‍, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും പ്രദേശവാസികളും സാഹസികമായി കൊക്കയുടെ താഴ്ഭാഗത്തേയ്ക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ജലാശയത്തോടു ചേര്‍ന്നുള്ള പാറക്കെട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ കുമാറിനെ ഏറെ ദൂരം ചുമന്നാണ് ആമ്പുലന്‍സിലെത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇയാള്‍ വ്യക്തമായ വിലാസം നല്‍കുന്നില്ലെങ്കിലും ഈറോഡിലാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി. മാനസിക വിഭ്രാന്തിയും പ്രകടിപ്പിക്കുന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.