ആഗോള വ്യവസായത്തിനു ഇന്ത്യ തുറന്ന ഇടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
60

ദാവോസ്: ആഗോള വ്യവസായത്തിനു ഇന്ത്യ തുറന്ന ഇടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസാമ്പത്തിക ഉച്ചകോടിയ്ക്ക് മുന്നോടിയായി വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ഇ.ഒമാരെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് മോദി ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച വിശദമായി സംസാരിച്ചു. ഇന്ത്യയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മോദി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്. മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രിമാരും മോദിയെ അനുഗമിക്കുന്നുണ്ട്.

20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത്. വിവിധയിടങ്ങളില്‍നിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഉള്‍പ്പെടെ നൂറിലധികം വരുന്ന വ്യവസായികളുടെ വന്‍ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആഗോള കമ്ബനികളുടെ 40 സിഇഒമാരും ഇന്ത്യയില്‍നിന്നുള്ള 20 സിഇഒമാരും പങ്കെടുത്തു.