ഇന്ത്യ ഈ വര്‍ഷം ചൈനയെ പിന്നിലാക്കുമെന്ന് രാജ്യാന്തര നാണയനിധി

0
40

വാഷിംഗ്ടണ്‍: ഈ വര്‍ഷം ഇന്ത്യ 7.4 ശതമാനം സാമ്പത്തികവളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷയെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). 2018-ല്‍ ചൈനയെ ഇന്ത്യ മറികടക്കുന്ന കാഴ്ച്ച കാണാമെന്നും ഐഎംഎഫ് വ്യക്തമാക്കി.

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച പ്രവചിക്കുന്നത്. 2019-ല്‍ ഇന്ത്യ വീണ്ടും കുതിച്ച് 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. വളര്‍ച്ചയില്‍ ചൈനയെ ഇന്ത്യ മറികടക്കും. 2018-ല്‍ 6.6 ശതമാനവും 2019-ല്‍ 6.4 ശതമാനവുമാണ് ചൈനയില്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കെന്നും സാമ്പത്തികദര്‍ശന രേഖയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച തിരിച്ചടിയില്‍ നിന്ന് ഇന്ത്യ കരകയറും. ഇവ നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞിരുന്നു. സാമ്പത്തിക രംഗത്ത് അതിവേഗം വളരുന്ന രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍ വളര്‍ച്ചാസാധ്യതയാണ് ഇന്ത്യയ്ക്കുള്ളതെന്നും ഐഎംഎഫ് പറയുന്നു.