ഇരട്ടപ്പദവി വിവാദം: ആം ആദ്മി എംഎല്‍എമാരുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

0
52

ന്യൂഡൽഹി: അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെടും.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് അയോഗ്യരാക്കാനുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്കയച്ചതെന്നാണ് എംഎല്‍എമാരുടെ വാദം. കമ്മീഷന്‍ നടപടി പക്ഷപാതപരമാണെന്നും എംഎല്‍എമാര്‍ വാദിക്കും.

കമ്മീഷന്‍ രാഷ്ട്രപതിയ്ക്ക്‌ ശുപാര്‍ശ സമര്‍പ്പിച്ച ജനുവരി 19ന് തന്നെ ഏഴ്‌ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ഉത്തരവ് ലഭിച്ചിരുന്നില്ല. വിശദാംശങ്ങള്‍ ആരാഞ്ഞു കേസ് മാറ്റി വെയ്ക്കുകയായിരുന്നു കോടതി. മതിയായ പരിശോധനകള്‍ പോലും നടത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശയെന്നാണ് എംഎല്‍എമാരുടെ വാദം. എന്നാല്‍ എംഎല്‍എമാരുടെ പാര്‍ലമെന്ററി സെക്രട്ടറി പദവി ഇരട്ടപ്പദവിയായതിനാലാണ് അയോഗ്യരാക്കാന്‍ തീരുമാനിച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കും.