ഓപ്പറേഷന്‍ ബാബിലോണ്‍;ഒരു ഇസ്രയേലി മാസ്റ്റര്‍പീസ്

0
85

 

ഋഷിദാസ്

ആയുധങ്ങള്‍ കുന്നുകൂട്ടുന്നതിലല്ല, മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ശരിയായി കോര്‍ത്തിണക്കി ബുദ്ധിപൂര്‍വം ഉപയോഗിക്കുന്നതാണ് ശരിയായ യുദ്ധ തന്ത്രം. പൗരാണിക കാലം മുതല്‍ ആധുനിക കാലം വരെ ഈ തന്ത്രം നടപ്പാക്കിയവര്‍ക്കായിരുന്നു എന്നും വിജയം. ആ തന്ത്രം ആധുനിക കാലത്ത് ഏറ്റവും വിജയപൂര്‍വം പയറ്റിയത് ഇസ്രയേല്‍ ആണ്. കേരളത്തിന്റെ പകുതി വിസ്തൃതിയും പത്തിലൊന്ന് ജനസംഖ്യയുമുള്ള ശത്രുക്കളാല്‍ ചുറ്റപ്പെട്ട ഒരു ചെറുരാജ്യം. ആ ചെറുരാജ്യം കഴിഞ്ഞ എഴുപതു വര്‍ഷം നിലനിന്നത് തന്നെ ഒരത്ഭുതമാണ്. അവരുടെ യുദ്ധവീര്യത്തിന്റെയും, നൈപുണ്യത്തിന്റെയും മകുടോദാഹരണമായിരുന്നു എണ്‍പതുകളുടെ ആദ്യം ഇറാഖിനെതിരെ നടത്തിയ വ്യോമാക്രമണമായ ഓപ്പറേഷന്‍ ബാബിലോണ്‍. ഒപ്പേറഷന്‍ ഓപ്പറ എന്നും ഈ നടപടിക്ക് പേരുണ്ട്.

ആണവ ആയുധങ്ങള്‍ ഉപയോഗിച്ച ഇസ്രയേലിനെ ആക്രമിക്കുക എന്നത് ഇറാഖ് നേതാവായിരുന്ന സദ്ദാം ഹുസൈനിന്റെ സ്വപ്നമായിരുന്നു. എഴുപതുകളിലെ എണ്ണവില വര്‍ധനയിലൂടെ ഇറാഖിന് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ അധികവരുമാനമാണ് ലഭിച്ചത്. ആ സമ്പത്ത് ഉപയോഗിച്ച് സദ്ദാം ഹുസൈന്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി. ഫ്രാന്‍സില്‍ നിന്നും, സോവിയറ്റ് യൂണിയനില്‍ നിന്നും, യുഎസില്‍ നിന്നുമെല്ലാം കിട്ടാവുന്ന ആയുധങ്ങള്‍ എല്ലാം ഇറാഖ് സംഭരിച്ചു. ആണവ ആയുധങ്ങള്‍ അങ്ങനെ വാങ്ങാന്‍ ആകാത്തതിനാല്‍ ഫ്രാന്‍സില്‍ നിന്നും ഗവേഷണ ആവശ്യത്തിന് എന്ന പേരില്‍ ഒരു ആണവ റീയാക്റ്റര്‍ വാങ്ങി അതില്‍നിന്നും പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിച്ച് ആണവായുധം നിര്‍മിക്കാന്‍ ഇറാഖ് പദ്ധതിയിട്ടു.

ഓസിറിസ് എന്ന് പേരുള്ള ഫ്രഞ്ച് റീയാക്റ്ററാണ് ഇറാഖ് വാങ്ങിയത്. ബാഗ്ദാദിന് ഏതാനും കിലോമീറ്റര്‍ പുറത്ത് ഓസിറാക് എന്നപേരില്‍ ആ റിയാക്ടര്‍ സ്ഥാപിക്കാനായിരുന്നു ഇറാഖികളുടെ പദ്ധതി. 1981 ഓഗസ്റ്റോട് കൂടി ഓസിറാക് റീയാക്റ്റര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇസ്രേലിനറിയാമായിരുന്നു. പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് ഓസിറാക്കിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് ആക്രമണമെങ്കില്‍ റേഡിയോആക്റ്റീവ് മലിനീകരണം പ്രദേശത്തെയാകെ ബാധിക്കുമായിരുന്നു. അതിനാലാണ് ഇസ്രയേല്‍ ആക്രമണപ്രവര്‍ത്തനം തുടങ്ങുന്നതിനുമുമ്പ് പദ്ധതിയിട്ടത്. ഓപ്പറേഷന്‍ ബാബിലോണ്‍ എന്നും ഓപ്പറേഷന്‍ ഓപ്പറ എന്നും പില്ക്കാലത്തു അറിയപ്പെട്ട ആക്രമണത്തിന്റെ ഭൂമിക ഇതായിരുന്നു.

അക്കാലത്തു ഇസ്രയേലിന് ഇറാഖുവരെ പോയി ബോംബിട്ടു തിരിച്ചുവരാന്‍ കഴിയുന്ന യുദ്ധവിമാനങ്ങള്‍ ഇല്ലായിരുന്നു. അവരുടെ പക്കലുള്ള F- 16 വിമാനങ്ങള്‍ക്ക് പരിമിതമായ പരിധിയെ ഉണ്ടായിരുന്നുളളൂ. അതുമാത്രമല്ല മേഖലയിലെ ജോര്‍ദാന്‍ സൗദി അറേബ്യാ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ശക്തമായ റഡാര്‍ സംവിധാനങ്ങളും ഉണ്ടായിരുന്നു. അവയെ വെട്ടിക്കണമെങ്കില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് തീരെ താഴ്ന്നു പറക്കുകയല്ലതെ മറ്റു മാര്‍ഗം ഉണ്ടായിരുന്നില്ല. താഴ്ന്നുപറക്കല്‍ യുദ്ധവിമാനങ്ങളുടെ പ്രഹര പരിധി പകുതിയിലേറെ കുറക്കുമായിരുന്നു. അതിനാല്‍ തന്നെ വളരെ സങ്കീര്‍ണമായിരുന്നു ഓപ്പറേഷന്‍ ബാബിലോണ്‍.

എട്ടു F-16 Aകളും അഞ്ച് F-15 Aകളും അടങ്ങുന്നതായിരുന്നു ഇസ്രയേലിന്റെ ആക്രമണവ്യൂഹം. F-16 Aകളും റിയാക്ടറിനെ ആക്രമിക്കാനും F-15 Aകള്‍ F-16 A കള്‍ക്ക് സംരക്ഷണം നല്‍കാനുംവേണ്ടിയുള്ളതായിരുന്നു. 1981 ജൂണ്‍ 7 ഉച്ചക്കുശേഷമാണ് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ഏറ്റ്‌സിയോണ്‍ ( Etzion Airbase ) വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ജോര്‍ദ്ദാന്‍ സൗദി അതിര്‍ത്തിക്കടുത്തുകൂടി താഴ്ന്നുപറന്നാണ് പോര്‍വിമാനങ്ങള്‍ ഇറാഖി വ്യോമാതിര്‍ത്തി കടന്നത. അധിക ഇന്ധനം കരുതിയിരുന്ന ടാങ്കുകള്‍ സൗദി അതിഥിയില്‍ ഉപേക്ഷിച്ച ശേഷമാണ് പോര്‍വിമാനങ്ങള്‍ ഇറാഖി വ്യോമ മേഖലയില്‍ എത്തിയത്. കനത്ത വ്യോമ പ്രതിരോധങ്ങള്‍ ഉണ്ടായിട്ടുകൂടി സൗദി വ്യോമവേധ സംവിധാനങ്ങള്‍ക്ക് ഇസ്രയേലി പോര്‍വിമാനങ്ങളെ കണ്ടെത്താനായില്ല.

കനത്ത വ്യോമവേധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും റീയാക്റ്ററില്‍ ആദ്യ ബോംബുകള്‍ പതിച്ചപ്പോഴാണ് ഇറാഖി വ്യോമവേധ സംവിധാനങ്ങള്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച കാര്യം അറിഞ്ഞത്. രണ്ടു മിനിറ്റുകൊണ്ട് ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ ഓസിറാക് റീയാക്റ്ററിനെ ബോംബിട്ടു തകര്‍ത്തു. പരിഭ്രമത്തില്‍ ഇറാഖികള്‍ തൊടുത്തുവിട്ട വ്യോമവേധ മിസൈലുകള്‍ക്ക് എല്ലാം ഉന്നം തെറ്റി. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഒരു പോറല്‍ പോലുമേല്‍ക്കാതെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ അവ പറന്നുയര്‍ന്ന വ്യോമ താവളത്തില്‍ തിരിച്ചിറങ്ങി. ഇസ്രയേലിന്റെ നടപടിയുടെ നിയമ സാധുതയെപ്പറ്റി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വയരക്ഷക്കുവേണ്ടി നടത്തിയ ഒരു മുന്‍കൂര്‍ ആക്രമണമാണത് എന്നായിരുന്നു ഇസ്രയേലിന്റെ നിലപാട്. സൈനികമായി ഒരു വന്‍ വിജയമായിരുന്നു ഓപ്പറേഷന്‍ ബാബിലോണ്‍. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ശരിയായി ഉപയോഗിച്ച് നേടിയ ഒരു പ്രചണ്ഡമായ വിജയം .

ചിത്രങ്ങള്‍ : ദൗത്യത്തില്‍ പങ്കെടുത്ത ഒരു ഇസ്രേലി F-16A യുദ്ധവിമാനം ,ഇസ്രേലി പോര്‍വിമാനങ്ങള്‍ പറന്ന വഴി .നിര്‍മാണത്തിലിരിക്കുന്ന ഓസിറാക്ക് റീയാക്റ്റര്‍.