ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം; നിഫ്റ്റി 11,000 കടന്നു

0
52

മുംബൈ: രാജ്യത്തെ ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 117.50 പോയിന്റ് ഉയര്‍ന്ന് 11,083.70 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്സി സെന്‍സെക്‌സ് 341.97 പോയിന്റ് നേട്ടത്തില്‍ 36,139.98 എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. വ്യാപാരം ആരംഭിച്ചു മിനിറ്റുകള്‍ക്കകം ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 11,000 പോയിന്റ് കടന്നിരുന്നു. ആഗോള വിപണിയിലെ മുന്നേറ്റവും കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തനഫലം മികച്ചതാകുമെന്ന പ്രതീക്ഷയും വിപണിക്കു കരുത്തു പകര്‍ന്നു. 2018ല്‍ രാജ്യം 7.4% വളര്‍ച്ച കൈവരിക്കുമെന്ന ഐഎംഎഫ് റിപ്പോര്‍ട്ടും വിപണിക്ക് കുതിപ്പേകി.

തുടര്‍ച്ചയായ അഞ്ചാം പ്രവര്‍ത്തിദിനമാണു വിപണി കുതിപ്പു തുടര്‍ന്നത്. എസ്ബിഐ, ടാറ്റാ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ എന്നീ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്. വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, അംബുജ സിമെന്റ് എന്നിവ നഷ്ടത്തിലുമായിരുന്നു. ബിഎസ്സിയില്‍ ടാറ്റാ സ്റ്റീലിന്റെ ഓഹരി വില 780.05 (3.72% നേട്ടം) രൂപയായിരുന്നു. അടിസ്ഥാന സൗകര്യ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷ ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികള്‍ക്കു നേട്ടമായി. മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ്, ബാങ്കിങ്, എനര്‍ജി, എന്നീ സെക്ടറുകളാണു ബിഎസ്സിയില്‍ നേട്ടം കൊയ്തവ.