കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കയില്‍ ഷെറിന്‍ ലോ നിയമനിര്‍മാണം

0
89

ടെക്‌സസ്: അമേരിക്കയില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യുവിന്റെ മരണവും വളര്‍ത്തമ്മയുടെയും വളര്‍ത്തച്ഛന്റെയും അറസ്റ്റും ലോകമനസ്സാക്ഷിയെ തന്നെ നടുക്കുന്നതായിരുന്നു. കുട്ടികള്‍ക്കായുള്ള നിയമം വളരെ ശക്തമായ അമേരിക്കയില്‍ ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം നടന്നുവെന്നത് അവിശ്വസനീയമായിരുന്നു.

എന്നാല്‍ ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് ടെക്സസില്‍ പുതിയ നിയമനിര്‍മാണം വരുന്നു. കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ടെക്സസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരുമാണ് ഈ ശ്രമത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. കുട്ടികളുടെ അവകാശസംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകരുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍. അമേരിക്കയിലെ മറ്റിടങ്ങളില്‍ സമാനമായ നിയമമുണ്ടെങ്കിലും ടെക്സസില്‍ ഇങ്ങനെയൊന്ന് ഇതുവരെ പ്രാബല്യത്തിലായിട്ടില്ല.

കുട്ടിക്ക് തനിച്ചിരിക്കാനുള്ള പക്വത ആയാല്‍ മാത്രമേ തനിച്ചിരുത്തി പോകാമെന്നാണ് നിലവിലെ വ്യവസ്ഥ. കുട്ടികളെ കാണാതായാല്‍ നിശ്ചിതസമയത്തിനകം പൊലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാവും. ഷെറിന്‍ ലോ എന്ന പേരിലാവും നിയമം വരികയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കാണാതായി രണ്ടാഴ്ച്ചയ്ക്ക് ശേഷം 2017 ഒക്ടോബര്‍ 22നാണ് ഷെറിനെ മരിച്ചനിലയില്‍ വീടിനടുത്തുള്ള ഓവ്ചാലില്‍ നിന്ന് കണ്ടെത്തിയത്. പാല് കുടിക്കാത്തതിന് കുട്ടിയെ വീടിന് പുറത്തു നിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമായിരുന്നു മാതാപിതാക്കളുടെ ആദ്യ മൊഴി. കുട്ടിയെ പാല്‍ കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ കൈയബദ്ധം പറ്റി മരണം സംഭവിച്ചതാണെന്ന് പിന്നീട് അച്ഛന്‍ വെസ്ലി മാത്യൂസ് മൊഴി മാറ്റി പറഞ്ഞു. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയിരുന്നതായും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.