കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് ശിക്ഷ; ‘ഷെറിന്‍ നിയമ’ത്തിനൊരുങ്ങി യു.എസ്

0
96

ഹൂസ്റ്റണ്‍: മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ ദാരുണ മരണത്തിന് പിന്നാലെ കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കുന്നത് തടയാനായി പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങി അമേരിക്ക. കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയിട്ടു പോകുന്നത് അതീവ ഗുരുതരമായ കുറ്റമായി കണക്കാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ടെക്‌സാസിലെ സാമൂഹിക പ്രവര്‍ത്തകരും നിയമവിദഗ്ധരുമാണ് നിയമ നിര്‍മാണത്തിന് മുന്‍കൈയെടുക്കുന്നത്. നിര്‍ദിഷ്ട നിയമത്തിനു ‘ഷെറിന്‍ നിയമം’ എന്നു പേര് നല്‍കാനാണ് നീക്കം.

കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകരുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍. എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്ന് ചര്‍ച്ചകള്‍ നടന്നുവരികയാണ്. കുട്ടികളെ കാണാതായാല്‍ നിശ്ചിതസമയത്തിനകം പോലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാവും. അമേരിക്കയിലെ മറ്റിടങ്ങളില്‍ സമാനമായ നിയമമുണ്ടെങ്കിലും ടെക്സാസില്‍ ഇങ്ങനെയൊന്ന് ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. കുട്ടിക്ക് തനിച്ചിരിക്കാനുള്ള പക്വത വന്നെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയാല്‍ തനിച്ചാക്കി പോകാമെന്നാണ് നിലവിലെ അവസ്ഥ.

മലയാളി ദമ്പതികള്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെ കഴിഞ്ഞ ഒക്ടോബര്‍ 22-നാണ് ഡാലസില്‍ റിച്ചഡ്‌സണിലെ വീട്ടില്‍നിന്ന് കാണാതായത്. രണ്ടാഴ്ചയ്ക്കുശേഷം വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ദുരൂഹസാഹചര്യത്തില്‍ കുട്ടി മരിച്ച കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെയും വെസ്ലിയുടെ ഭാര്യ സിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേദിവസം രാത്രി വെസ്ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലില്‍ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു. ഇതാണു ‘ഷെറിന്‍ നിയമം’ കൊണ്ടുവരുവാന്‍ അധികൃതര്‍ക്കു പ്രേരണയായത്.