താലിബാന്‍ നേതാക്കളെ ഉടന്‍ പിടികൂടണമെന്ന് പാകിസ്ഥാനോട് അമേരിക്ക

0
49


വാഷിങ്ടണ്‍: അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന താലിബാന്‍ നേതാക്കളെ ഉടന്‍ പിടികൂടണമെന്ന് പാകിസ്ഥാനോട് അമേരിക്ക. പാകിസ്ഥാനില്‍ താലാബാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം കാബൂളിലെ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നലെയാണ് വൈറ്റ്ഹൗസ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള താലിബാന്‍ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുള്ളതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. സാധാരണക്കാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍, അഫ്ഗാനിസ്ഥാനു നല്‍കുന്ന പിന്തുണ വര്‍ധിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ആക്രമണത്തില്‍ ഫലപ്രദവും വേഗത്തിലുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച അഫ്ഗാന്‍ സുരക്ഷാ സേനയെ അഭിനന്ദിക്കുന്നു. അഫ്ഗാന്‍ സൈന്യത്തിന്റെ ശക്തമായ നിലപാടിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. യുഎസ് പിന്തുണയോടെ ശത്രുക്കളെ തുടച്ചു നീക്കാനാണ് അഫ്ഗാന്‍ സേന ശ്രമിക്കുന്നത്. ലോകത്തേക്ക് ഭീകരവാദം കയറ്റി അയയ്ക്കുകയാണ് താലിബാനെന്നും സാറാ സാന്‍ഡേസ് പറഞ്ഞു.