പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണം: പെട്രോളിയം മന്ത്രാലയം

0
39

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം.  കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതുസംബന്ധിച്ച് ധനമന്ത്രിക്ക് നിവേദനം നല്‍കി. ഇക്കാര്യം ബജറ്റില്‍ പരിഗണിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.

പെട്രോള്‍ വില എറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. പൊതു ബജറ്റില്‍തന്നെ പ്രഖ്യാപനമുണ്ടാവണമെന്നും പെട്രോളിയം മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണേഷ്യയില്‍ തന്നെ പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വിലയീടാക്കുന്ന രാജ്യമാണ് ഇന്ത്യ. വിലയില്‍ 40-50 ശതമാനം വരെ നികുതിയാണ്.

2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ 9 തവണ എക്സൈസ് തീരുവ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ ഒരു തവണ മാത്രമാണ് തീരുവ കുറച്ചത്. നികുതി കുറയ്ക്കുന്നത് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ വരുമാനത്തെ കാര്യമായി ബാധിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ മാത്രം 5.2 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.