പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമം: കൂടുതല്‍ തെളിവുകള്‍ പുറത്ത്

0
46

ബംഗളൂരു: പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. കേസിലെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കേസില്‍ ആലുവാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബംഗലൂരുവില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. അച്ഛനമ്മമാരോടൊപ്പം ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയായ യുവതി പഠന ആവശ്യങ്ങള്‍ക്കായാണ് ബംഗളൂരുവിലെത്തിയത്. ഒന്നാം പ്രതി റിയാസ് പെണ്‍കുട്ടിയുമായി വിവിധ ഇടങ്ങളില്‍ താമസിച്ചെന്നും വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് കണ്ടെത്തി.

അതേസമയം, വ്യാജ ആധാര്‍ കാര്‍ഡ് തയാറാക്കിയ സ്ഥലം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേസ് ഈമാസം 29 നാണ് കോടതി പരിഗണിക്കുക. ഒന്നാംപ്രതി റിയാസ് ഒളിവിലാണ്. എന്നാല്‍ റിയാസിന്റെ അടുത്ത ബന്ധുവായ പറവൂര്‍ സ്വദേശി ഫയാസിനെയും മാഞ്ഞാലി സ്വദേശി സിയാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിയാസിന് താമസം ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.