ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തു

0
50

ഗുരുഗ്രാം: ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് 22-കാരിയായ യുവതി ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം ചടങ്ങില്‍ പങ്കെടുത്തശേഷം രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ വീട്ടിലേക്ക് തിരിച്ചത്. വഴിയരികില്‍ കാര്‍ നിര്‍ത്തി ഭര്‍ത്താവ് മൂത്രമൊഴിക്കാന്‍ പോയ സമയത്ത് അതുവഴി വന്ന അക്രമികള്‍ എന്തിനാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് ചോദിച്ചു. ഇതിനിടെ യുവതിയെ കണ്ട സംഘം അവരെ കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കി.

മൂന്ന് അക്രമികള്‍ ചേര്‍ന്ന് ഭര്‍ത്താവിനെയും സഹോദരനെയും മര്‍ദ്ദിക്കുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും ചെയ്‌തേശേഷം നാലാമന്‍ അവരുടെ മുന്നിലിട്ട് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ വായില്‍ തുണി തിരുകിയശേഷമായിരുന്നു പീഡനം.

യുവതിയുടെ ഭര്‍ത്താവ് അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവരെ  പിടികൂടിയത്. പിടിയിലായ നാലു പേരും ഗുരുഗ്രാമിന്റെ സമീപ ഗ്രാമമായ സൊഹ്ന സ്വദേശികളാണ്.