‘ രാജ്യത്ത് ബിജെപിയ്ക്ക്‌ ഇപ്പോൾ കൂടുതൽ ബി ടീമുകളായി’; കാരാട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ആനന്ദ് പട്‌വര്‍ദ്ധന്‍

0
81

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയം സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച ലൈന്‍ തള്ളിയ താങ്കളേയും താങ്കളുടെ ടീമിനേയും ഓര്‍ത്ത് ലജ്ജിക്കുന്നു. ഫാഷിസം വളരുമ്പോള്‍ ഭിന്നിച്ച് എന്ത് ചെയ്യണമെന്ന് ധാരണയില്ലാതെ നില്‍ക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല – ആനന്ദ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

രാജ്യത്തു ബിജെപിക്ക് ഇപ്പോൾ കൂടുതൽ ബി ടീമുകളായി. അതിലൊരെണ്ണമാണ് എന്ന് നിതീഷ് കുമാറും തെളിയിച്ച് കഴിഞ്ഞു. ബിജെപിയുടെ പാവയായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ പിന്തുണച്ചും ആം ആദ്മി പാര്‍ട്ടിയെ ആക്രമിച്ചും അത്തരത്തിലൊരു ബി ടീമാണ് തങ്ങളെന്ന് കോണ്‍ഗ്രസ് പോലും കാണിച്ചുതരുന്നു.

അച്ചടക്കവും ഐക്യവുമുള്ള ഒരു മുന്നണിയ്ക്ക്‌ മാത്രമേ ആര്‍എസ്എസ് ഫാഷിസത്തെ പരാജയപ്പെടുത്താനാവൂ എന്ന് ഈ മൂഢന്മാരായ മതനിരപേക്ഷ രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട് മനസിലാക്കുന്നില്ലന്നും ആനന്ദ് പട്‌വര്‍ദ്ധന്‍ കൂട്ടിച്ചേർത്തു.