ശിവസേന-ബി.ജെ.പി ബന്ധത്തിന് അന്ത്യം

0
48

മുംബൈ∙ എൻഡിഎയുമായുള്ള 29 വർഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന് അവർ വ്യക്തമാക്കി. മുംബൈയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. അടുത്ത വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്നും ശിവസേന വ്യക്തമാക്കി. കൂടാതെ, പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കാനും തീരുമാനിച്ചു.

ഇന്ധന വില, നോട്ട് നിരോധനം, ജി.എസ്.ടി അടക്കമുള്ള ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളുടെ ഭാരം പാര്‍ട്ടിക്ക്​ ചുമക്കാനാകില്ലെന്നും തങ്ങളുടെ എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടസ്സമാകുന്നുവെന്നും ആരോപിച്ച്‌ ശിവസേന രംഗത്തു വന്നിരുന്നു. കൂടാതെ, മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ശിവസേനയെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്തുന്നതിനുമായി ശക്തമായ ബി.ജെ.പി വിരുദ്ധ പ്രചരണങ്ങള്‍ സേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നടത്തിവരികയാണ്.