ശ്രീജീവിന്റെ കസ്റ്റഡി മരണം: സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും

0
52

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. നാളെ തന്നെ സിബിഐ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ഇതേത്തുടര്‍ന്ന് കേസിന്റെ രേഖകള്‍ കൈമാറാന്‍ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കി.

സിബിഐ അന്വേഷണത്തില്‍ വ്യക്തത വന്നശേഷം സമരം അവസാനിപ്പിക്കുമെന്ന് സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. രണ്ടു വര്‍ഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുകയാണ് ശ്രീജിത്ത്.

നേരത്തെ കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഇതുസംബന്ധിച്ച വിജ്ഞാപനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൈമാറിയെങ്കിലും അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കേസ് രജിസ്റ്റര്‍ ചെയ്യുന്ന വിവരം സിബിഐ ഇന്ന് കോടതിയെ അറിയിച്ചേക്കും.