സിപിഐ എതിര്‍പ്പ് വൃഥാവിലാകാന്‍ സാധ്യത; കെ.എം.മാണി ഇടതുമുന്നണിയില്‍ ഇടം പിടിക്കും

0
546

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ തന്നെ ഇടംപിടിക്കും. മാര്‍ച്ചില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് സിപിഎം ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പ് വൃഥാവിലാകും.

മാര്‍ച്ച് വരെ സിപിഎം സംഘടനാ തിരഞ്ഞെടുപ്പിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും തിരക്കിലാണ്. ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സിപിഎം സംസ്ഥാന സമ്മേളനം. അത് കഴിഞ്ഞു മാത്രമേ സിപിഎമ്മിന് ഇക്കാര്യം ആലോചിക്കാനും അനന്തര നടപടികള്‍ക്ക് തുടക്കമിടാനും കഴിയൂ. അതുകൊണ്ട് തന്നെയാണ് സിപിഐയുടെ കേരളാ കോണ്‍ഗ്രസിന് നേരെയുള്ള വിമര്‍ശനങ്ങളോട് സിപിഎം മൗനം പാലിക്കുന്നത്.

ഫെബ്രുവരി കഴിയാതെ ഈ കാര്യത്തില്‍ സിപിഎമ്മില്‍ നിന്നും പ്രതികരണം വരില്ലെന്നും സിപിഐക്കറിയാം. അതുകൊണ്ട് തന്നെയാണ് വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയെന്നും ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്നുമുള്ള കേരള കോണ്‍ഗ്രസ്-സിപിഐ ഏറ്റുമുട്ടലുകളോട്‌ സിപിഎം പ്രതികരിക്കാത്തത്.

ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെ നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന്‌ സിപിഎം മനസിലാക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള കേരള കോണ്‍ഗ്രസ് വിഭാഗം സിപിഎമ്മിലുണ്ടെങ്കിലും മാണിക്കുള്ള രാഷ്ട്രീയ ശക്തിയോ പിന്‍ബലമോ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ക്കില്ലെന്ന് സിപിഎമ്മിന്‌ അറിയാം.

2021ലെ  തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ സഹായം കൂടി വേണം. അതുകൊണ്ട് തന്നെയാണ് മാര്‍ച്ചില്‍ സിപിഐയെ അനുനയിപ്പിച്ച ശേഷം കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

മാണിയാണെങ്കില്‍ മുന്നില്‍ ജോസ്.കെ.മാണിയെ മാത്രമെ കാണുന്നുള്ളൂ. വരുന്ന വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കോട്ടയത്ത് ജോസ്.കെ.മാണി ജയിക്കാന്‍ സാധ്യത കുറവാണ്. ഒരൊറ്റ കോണ്‍ഗ്രസുകാരനും ജോസ് കെ മാണിയ്ക്ക്‌ വോട്ട് ചെയ്യില്ല എന്ന് മാണിക്കറിയാം.

കോണ്‍ഗ്രസ് വോട്ട് കിട്ടാതെ ജോസ് കെ മാണി എങ്ങിനെ ജയിക്കും. അപ്പോള്‍ ഇടതുമുന്നണിയുടെ പിന്തുണ വേണം. ഇടത് മുന്നണി വോട്ടുകള്‍ കൂടി കിട്ടിയാല്‍ മാത്രമെ ജോസ് കെ മാണി കോട്ടയത്ത് നിന്ന് കടന്നുകയറൂ. ഇപ്പോള്‍ യുഡിഎഫ് മാണിയെ ക്ഷണിച്ച് അകത്ത് കയറ്റിയാലും ജോസ് കെ മാണി കോട്ടയത്ത് വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് അറിയാം.

ഇത് മനസിലാക്കിയാണ് മാണി യുഡിഎഫ് ക്ഷണം നന്ദിയോടെ തള്ളുന്നത്. ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയത് മാണി മറന്നിട്ടില്ല. ജോസ് കെ മാണിയെ കൂടി പിന്നില്‍ നിന്ന് കുത്തുന്ന സാഹചര്യം മാണിയ്ക്ക് ചിന്തിക്കാനെ കഴിയില്ല. ഇത് സിപിഎമ്മിനും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് വിവാദങ്ങളില്‍ കുലുങ്ങാതെ മാണിയെ ഒപ്പം കൂട്ടാന്‍ സിപിഎം ശ്രമിക്കുന്നത്.

കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി മാണി കാണുന്നുണ്ട്. ജോസഫ്, മോന്‍സ് ജോസഫ് വിഭാഗങ്ങള്‍ ഇടതുമുന്നണിയിലേയ്ക്ക് വരില്ല. വിപ്പ് ലംഘിച്ചാല്‍ പി.ജെ.ജോസഫിനും മോന്‍സ് ജോസഫിനും
അടക്കമുള്ളവര്‍ക്ക് അയോഗ്യത വരും. ഇത് മുന്‍കൂട്ടി കണ്ട്‌, ആവശ്യമെങ്കില്‍ രാജി വെച്ച്‌ ഉപതിരഞ്ഞെടുപ്പിനെ നേരിടാം എന്നാണ് പി.ജെ.ജോസഫും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ തീരുമാനിച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസില്‍ വരാന്‍ സാധ്യതയുള്ള പിളര്‍പ്പും സിപിഎം മുന്‍കൂട്ടി കാണുന്നുണ്ട്. ജെഡിയു കൂടി എത്തിയതോടെ (ഒപ്പം മാതൃഭൂമിയും) നിലവില്‍ എല്‍ഡിഎഫ് ശക്തമാണ്. കെ.എം.മാണി കൂടി വന്നാല്‍ വീണ്ടും അധികാരത്തിലെത്താം.

വീണ്ടും അധികാരം വേണോ അല്ലെങ്കില്‍ തമ്മിലടിച്ച് തുടര്‍ ഭരണ സാധ്യതകള്‍ ഇല്ലാതാക്കണോ? ഈ ചോദ്യം സിപിഐയുടെ മുന്നിലേയ്ക്ക്‌ സിപിഎം ഉയര്‍ത്തും. കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തല്‍ മാത്രമാണ് സിപിഎം നേരിടുന്ന പ്രതിസന്ധി. ഈ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ കഴിയും എന്നാണ്‌ സിപിഎം കരുതുന്നത്.

സിപിഎമ്മിന്റെ മനസിലിരുപ്പ് മനസിലാക്കി, അപകടം തിരിച്ചറിഞ്ഞാണ് വീണ്ടും മുന്നണിയിലേയ്ക്ക് ക്ഷണിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. വ്യാഴാഴ്ച
തിരുവനന്തപുരത്ത് ചേരുന്ന മുന്നണി യോഗത്തില്‍ മാണിയെ ഔദ്യോഗികമായി ക്ഷണിക്കാന്‍ യുഡിഎഫ് തീരുമാനം എടുത്തേക്കും. നിലവില്‍ യുഡിഎഫ് ദുര്‍ബലമാണ്‌. അപ്പോഴാണ്‌ മാതൃഭൂമിയുടെ കൂടി പിന്‍ബലമുള്ള ജെഡിയു മുന്നണി വിടുന്നത്. അത് യുഡിഎഫിനെ കൂടുതല്‍ ക്ഷീണിപ്പിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതിനാല്‍ കെ.എം.മാണി കൂടെ വേണം എന്നുതന്നെയാണ് അവര്‍ കരുതുന്നത്.

‘കെ.എം.മാണി യുഡിഎഫിലേയ്ക്ക്‌
തിരിച്ചുവരണം. മാണിയ്ക്കായി യുഡിഎഫ് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു’- യുഡിഎഫ് സെക്രട്ടറിയും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് ചെയര്‍മാനുമായ ജോണി നെല്ലൂര്‍ 24 കേരളയോട് പ്രതികരിച്ചു. മാണിയെ ഉള്‍പ്പെടുത്തി ക്രിസ്ത്യന്‍ ബെല്‍റ്റിലേയ്ക്ക്‌
കടന്നുകയറാനാണ് സിപിഎം ശ്രമം. വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല ഇടതുമുന്നണി പ്രവേശനം എന്ന് മാണി മനസിലാക്കണം. മാണിയ്ക്ക്‌ നല്ലത് യുഡിഎഫിലേക്ക് തന്നെ തിരിച്ചു വരുകയാണ്-ജോണി നെല്ലൂര്‍ പറഞ്ഞു.

പക്ഷെ മാണിയുടെ നോട്ടം ഇടതുമുന്നണിയിലേയ്ക്ക്‌ തന്നെയാണ്. പ്രധാന ലക്ഷ്യം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ കോട്ടയത്ത് ജയിപ്പിക്കുക എന്നതും. അതിന്‌ ഇടതുമുന്നണി പ്രവേശനം അത്യന്താപേക്ഷിതമാണ്.