പ്രതികരിക്കുന്ന വ്യക്തിയെ ഏതെങ്കിലും തരത്തില്‍ കുറ്റവാളിയാക്കുന്ന കാലം: പ്രിയനന്ദനന്‍

0
236


ലക്ഷ്മി

നാടകമായിരുന്നു പ്രിയനന്ദനന്റെ ആദ്യ തട്ടകം. ഒട്ടേറെ നാടകങ്ങള്‍ സംവിധാനം ചെയ്‌തെങ്കിലും ‘നെയ്ത്തുകാരന്‍’ എന്ന ആദ്യ സിനിമയിലൂടെയായിരുന്നു മലയാളികള്‍ക്കിടയില്‍ പ്രിയനന്ദനന്‍ പ്രശസ്തനാകുന്നത്. നെയ്ത്തുകാരനിലെ തകര്‍പ്പന്‍ അഭിനയത്തിന് മുരളിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. പ്രിയനന്ദനന്റെ രണ്ടാമത്തെ ചിത്രമായിരുന്ന ‘പുലിജന്മം’ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. അങ്ങിനെ മലയാള സിനിമയില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി. ഇതാ വീണ്ടും പ്രിയനന്ദനന്‍ വരുന്നു. ‘പാതിരകാലം’ എന്ന ചിത്രവുമായി. ചിത്രം ഫിബ്രവരിയില്‍ തിയേറ്ററുകളിലെത്തും. ‘പാതിരാകാലം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം 24 കേരളയുമായി പങ്കുവെയ്ക്കുന്നു.

ഫെബ്രുവരി ഒമ്പതിന് തീയറ്ററുകളില്‍ എത്തുന്ന താങ്കളുടെ പുതിയ ചിത്രം പാതിരകാലത്തിന്റെ ഉള്ളടക്കം എന്താണ്?

വര്‍ത്തമാനകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീതിയില്‍ നിന്നാണ് ‘പാതിരകാലം’ സിനിമ വരുന്നത്. ഉസൈന്‍ എന്ന ആളെത്തിരക്കിയുള്ള മകളുടെ യാത്രയാണ് പാതിരകാലത്തില്‍ പറയുന്നത്. ജഹനാര എന്നുപറയുന്ന സ്ത്രീയാണ് ഇതിലെ പ്രധാന കഥാപാത്രം. ഉപ്പ എന്നുപറയുന്നത് സാധാരണ മനുഷ്യരുടെ മനുഷ്യാവകാശങ്ങളുടെ പ്രതീകമായിട്ടുള്ള ഒരാളാണ്. ഏതൊരുസ്ഥലത്ത് അവശരായി വീണുകിടക്കുന്ന ആളുകളുണ്ടോ അവിടെ എത്തുക എന്നത് അയാളുടെ ദൗത്യമാണ്. അയാള്‍ ഒരു പാര്‍ട്ടിയിലും പെട്ട ആളല്ല, മാനുഷികമൂല്യങ്ങള്‍ കലര്‍ന്നൊരാളാണ്. ഈ ഉപ്പ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ഉപ്പയെ അന്വേഷിച്ചുള്ള മകളുടെ യാത്രയാണ് പാതിരാകാലം.

ഈ പെണ്‍കുട്ടി പഠിക്കുന്നത് ബര്‍ലിനിലാണ്. അച്ഛനും മകളും തമ്മില്‍ ആശയവിനിമയം നടത്തികൊണ്ടിരുന്നത് മെയിലുകള്‍ വഴിയായിരുന്നു. ഉപ്പ പറഞ്ഞിരുന്ന പേരുകള്‍ വെച്ച്‌ ഉപ്പയെ തേടിയുള്ള യാത്രയാണ്. ഈ പെണ്‍കുട്ടി തന്റെ സുഹൃത്തുമായി കേരളത്തിലേയ്ക്ക് യാത്ര തിരിക്കുകയാണ്. അവര്‍ ഉപ്പയെ തിരക്കി നടക്കുന്ന യാത്രയിലൂടെയാണ്‌ ഈ നിനിമ സഞ്ചരിക്കുന്നത്.

‘പാതിരകാല’ത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരൊക്കെയാണ് ?

ഇതിലെ പ്രധാന കഥാപാത്രമായി വേഷമിടുന്നത് മൈഥിലിയാണ്. ജഹനാര എന്ന മഖ്യകഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. വളരെ ചെറിയ ബഡ്ജറ്റില്‍ ഉണ്ടായ സിനിമയാണിത്. അത്തരം സിനിമകളില്‍
നമ്മളോടൊപ്പം സഹകരിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് മൈഥിലി ഈ സിനിമയുടെ ഭാഗമായത്. അവര്‍ ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണിത്. വര്‍ത്തമാനകാലത്തില്‍ സ്ത്രീയെ മുന്‍നിര്‍ത്തിയുള്ള സിനിമകളും കുറവാണല്ലോ.

ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, കലേഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

മൈഥിലിയുടെ കൂടെയുള്ള പുരുഷകഥാപാത്രത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ആരാണ് ?

കലേഷ് കര്‍ണ്ണാട്ട്.

ഉപ്പ എന്ന കഥാപാത്രമായിട്ട് എത്തുന്നതാരാണ് ?

ആ കഥാപാത്രത്തിന് ശബ്ദം മാത്രമാണുള്ളത്.  ചിത്രത്തല്‍ ഒരിടത്തും ഉപ്പയെ കാണിക്കുന്നില്ല.

ഇന്ദ്രന്‍സ് ചെയ്യുന്ന വേഷം ?

ജഹനാരയ്ക്കും സുഹൃത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന വ്യക്തിയായിട്ടാണ് ഇന്ദ്രന്‍സ് എത്തുന്നത്.

ലൊക്കേഷനായിട്ട് തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ ഏതൊക്കെയായിരുന്നു?

കൊല്ലങ്കോട്‌, പൊന്നാനി, വയനാട്, കുറുവാ ദ്വീപ്. മണ്ണിനും മനുഷ്യനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യാത്ര എന്ന ആശയമാണ് ചിത്രം മുന്നോട്ടുവെയ്ക്കുന്നത്. കോളയ്‌ക്കെതിരെ സമരം നടന്ന ഇടങ്ങള്‍ പോലെ ഒറ്റപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമുള്ള സ്ഥലങ്ങളിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്.

ചിത്രത്തിന് ‘പാതിരകാലം’ എന്ന പേര് നല്‍കാന്‍ കാരണം?

പാതിരയില്‍ നിന്നുള്ള കാലം ആണിത്. പാതിര ദീര്‍ഘിച്ച ഒന്നല്ലല്ലോ. ആ അര്‍ത്ഥത്തില്‍ പാതിരയുടെ കാലം എന്നും പറയാം.

നെയ്ത്തുകാരനില്‍ നിന്നും പാതിരകാലത്തിലെത്തുമ്പോള്‍ സിനിമാജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ ?

എന്റെ സിനിമയെക്കുറിച്ച് ഞാന്‍ പറയുമ്പോഴെല്ലാം രാഷ്ട്രീയപരമായിട്ടാണ് പറയാറ്. സാമൂഹ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളാണ് ചെയ്തിട്ടുള്ളതും. കേരളം പോലൊരു സ്ഥലത്ത് ആരെങ്കിലും മാനുഷികമായി ഇടപെടുകയോ സഹായിക്കുകയോ ചെയ്താല്‍ അയാളെ തീവ്രവാദികളാക്കികൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ആ കാലത്തെ അടയാളപ്പെടുത്താതിരിക്കാന്‍ കഴിയില്ല എന്ന സാഹചര്യത്തിലെത്തുമ്പോഴാണ് നമ്മള്‍ ഈ വിഷയത്തിലേക്ക് തന്നെ വരുന്നത്.

സാഹിത്യ അക്കാദമിയില്‍, എന്റെ മുന്നില്‍ വെച്ച് ഒരാളെ അറസ്റ്റ്‌ ചെയ്ത് കൊണ്ടുപോകുകയായിരുന്നു. അയാള്‍ ചെയ്ത കുറ്റം ഒരു പോസ്റ്റര്‍ ഒട്ടിച്ചു എന്നുള്ളതാണ്. അല്ലാതെ ബോംബ് വെയ്ക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒന്നും ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കാന്‍ പാടില്ല. പ്രതികരിക്കുന്ന വ്യക്തിയെ ഏതെങ്കിലും തരത്തില്‍ കുററവാളിയാക്കുക എന്നൊക്കെ പറയുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വേദനാജനകമായിട്ടുള്ള കാര്യമാണ്. ശരിക്കും ഇവിടെയൊക്കെ ഹനിക്കപ്പെടുന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്.

പാതിരകാലം ഏതെല്ലാം ചലച്ചിത്ര മേളകളില്‍ പങ്കെടുത്തു? അവാര്‍ഡുകള്‍ നേടിയിരുന്നോ ?

കല്‍ക്കത്താ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പൂണെ
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഔറംഗബാദ്‌ ഫിലിം ഫെസ്റ്റിവല്‍.

അവാര്‍ഡുകളൊന്നും ലഭിച്ചിരുന്നില്ല. ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ഞങ്ങളെ സംബന്ധിച്ചടുത്തോളം ഇതുതന്നെ വലിയ കാര്യമാണ്.

കേരളത്തിലെവിടെയെങ്കിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നോ ?

തൃശൂര്‍ ജില്ലയില്‍ രണ്ട് ഷോയും എറണാകുളത്ത് മൂന്നു ഷോയും കണിച്ചിരുന്നു.  പ്രമോഷന്‍ എന്ന നിലയ്ക്കാണ് അവിടെയൊക്കെ പ്രദര്‍ശനം നടത്തിയത്. ഇത്തരം ബദല്‍ സംവിധാനങ്ങളിലൂടെ മാത്രമേ ജനങ്ങളിലേയ്ക്ക്‌
സിനിമ എത്തിക്കാന്‍ പറ്റുകയുള്ളൂ. പരസ്യത്തിനായി വലിയ തോതില്‍ പണം ചെലവാക്കാനൊന്നും നമ്മുടെ കയ്യിലില്ല.

ഫെയ്‌സ് ബുക്കില്‍ താങ്കള്‍ ചെയ്യാനുദ്ദേശിക്കുന്ന ഒടിയന്‍ എന്ന സിനിമയെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നല്ലോ, ഒടിയന്‍ സിനിമ പ്രതീക്ഷിക്കാമോ ?

അഞ്ച് കൊല്ലം മുമ്പ് ആലോചിച്ച കാര്യമാണ് ഒടിയന്‍ സിനിമയാക്കുക എന്നത്. പി.കണ്ണന്‍കുട്ടിയുടെ നോവലാണ് ഒടിയന്‍. ഈ നോവല്‍ സിനിമയാക്കാനാണ് ഞാന്‍ ആഗ്രഹച്ചത്. പക്ഷേ ഷൂട്ടിനുമുന്നേ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഒടിയന്‍ നടന്നില്ല. ഒടിയന്‍ ഞാന്‍ സിനിമയാക്കാന്‍ പോകുന്നു എന്നല്ല വിട്ടുകളഞ്ഞിട്ടില്ല എന്നാണ് ഫെയ്‌സ് ബുക്ക്‌ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്.

ഒടിയന്‍ സിനിമ ചെയ്യണമെന്നു തന്നയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ സാധാരണ കാണുന്ന ബജറ്റ് പോര എനിക്കതു ചെയ്യണമെങ്കില്‍. രണ്ടു മുന്നു കോടി രൂപയെങ്കിലും വേണം. ഈ ഒരു ബജറ്റില്‍ സിനിമ ചെയ്യാന്‍ തയ്യാറായി ആരെങ്കിലും വന്നാല്‍ ചെയ്യാം. അതല്ലാതെ കാര്യമില്ല. വളരെ കുറഞ്ഞ ബജറ്റുമായി ആ സിനിമയെ സമീപിച്ചിട്ട് കാര്യമില്ല.

ഈ ഒരു നോവല്‍ വായിച്ച് പ്രൊഡ്യൂസ്‌ ചെയ്യാന്‍ ആരെങ്കിലും മുന്നോട്ടുവരാന്‍ തയാറാണെങ്കില്‍ ഉറപ്പായും ഒടിയന്‍ ചെയ്യും. സ്‌ക്രിപ്‌റ്റൊക്കെ നേരത്തെ കഴിഞ്ഞിരിക്കുന്നതാണ്. രണ്ടു പാട്ടുകളും ചെയ്തുകഴിഞ്ഞു. ശ്രീവത്സനാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. പ്രതീക്ഷയാണല്ലോ നമ്മുടെ ജീവിതം. പ്രൊഡ്യൂസര്‍ വന്നാല്‍ സിനിമ നടക്കും. നമ്മള്‍ അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക.

എന്നു മുതല്‍ക്കാണ് സിനിമ സ്വപ്‌നം കണ്ട് തുടങ്ങിയത്?

സിനിമയില്‍ എനിക്ക് അങ്ങനെയൊരു താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. ശരിക്കും ഞാനൊരു നാടക നടനാണ്. പിന്നീട് ഞാന്‍ തീയറ്ററില്‍ സംവിധാനത്തിലേയ്ക്ക്‌ മാറുകയായിരുന്നു. തീയറ്ററിനോടൊപ്പം എന്തുകൊണ്ട് സിനിമ പഠിച്ചുകൂടാ എന്ന് എനിക്ക് തോന്നിയത് മുതല്‍ക്കാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്.  

പിന്നീട് ഒരു ഘട്ടത്തിലാണ് നല്ല സിനിമകള്‍ കാണുകയും സിനിമ ചെയ്യണം എന്ന തോന്നലുണ്ടാവുകയും ചെയ്തത്. നമുക്കും ഇത് ചെയ്യാവുന്നതല്ലേ എന്ന തോന്നലില്‍ നിന്നാണ് സിനിമ പഠിക്കുന്നത്. കെ ആര്‍ മോഹനേട്ടനോടൊപ്പവും പി ടി കുഞ്ഞുമുഹമ്മദിന്റെ കൂടെയും ഒക്കെ ജോലി ചെയ്യാന്‍ പറ്റിയതുകൊണ്ടാണ്‌ എനിക്ക് സിനിമയിലേയ്ക്ക് എത്താന്‍ കഴിഞ്ഞത്.

കെ ആര്‍ മോഹനേട്ടനടൊപ്പം ഡോക്യുമെന്റെറികളിലാണ് ഞാന്‍ ആദ്യമായിട്ട് വരുന്നത്. മണിലാല്‍ എന്ന എന്റെ സുഹൃത്തിനോടൊപ്പമാണ് ഞാന്‍ കൂടുതല്‍ ജോലി ചെയ്തത്. ഇദ്ദേഹവുമായുള്ള ബന്ധമാണ് മോഹനേട്ടന്റെ അടുത്തെത്തിച്ചത്.

ഡോക്യുമെന്ററികള്‍ ഏതെങ്കിലും ചെയ്തിരുന്നോ?

സിനിമ കഴിഞ്ഞിട്ടാണ് ഞാന്‍ ഡോക്യുമെന്റെറികള്‍ ചെയ്തിട്ടുള്ളത്. നായനാരെ കുറിച്ചുള്ള ഒരു ഡോക്യുമെന്റെറി ചെയ്തു. മണ്ണിനും മനുഷ്യനും വേണ്ടിയിട്ടുള്ള ഡോക്യമെന്റെറി ചെയ്തു. അങ്ങനെ നിരവധി ഡോക്യുമെന്റെറികള്‍ ചെയ്തിട്ടുണ്ട്.

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഈ സംഘടനയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?

സംഘടിക്കുന്നതിന് എന്താ കുഴപ്പം? ലോകത്തുള്ള എല്ലാവരും ഓരോ തരത്തില്‍ സംഘടിക്കാറുണ്ട്. പിന്നെന്താണ് ഈ സംഘടനയോട് മാത്രം ഇത്ര പ്രശ്‌നം എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിയാത്തത്.