അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ: സമരം അവസാനിപ്പിച്ചതായി സമൂഹ മാധ്യമ കൂട്ടായ്മ, തുടരുമെന്ന് ശ്രീജിത്ത്‌

0
52

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ കേസെടുത്തു. എഫ്‌ഐആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതോടെയാകും അന്വേഷണ നടപടികള്‍ക്ക് തുടക്കമാവുക. നിലവില്‍ ആരെയും പ്രതിചേര്‍ക്കാതെ അസ്വാഭാവിക മരണത്തിനാണ് കേസെടുക്കുക. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്ന് വിലയിരുത്തി ശ്രീജിത്തിനൊപ്പമുള്ള സമരം അവസാനിപ്പിച്ചതായി സമൂഹമാധ്യമ കൂട്ടായ്മ അറിയിച്ചു. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്നാണു ശ്രീജിത്ത് പറയുന്നത്.

കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ശ്രീജിവിന്റെ മരണത്തില്‍ 2014ല്‍ പാറശാല പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് അതേപടി എറ്റെടുക്കുന്നതായാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ശ്രീജിവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് എഫ്‌ഐആറിലെ വിവരം. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെ.എം. വര്‍ക്കിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

അന്വേഷണം സിബിഐ യ്ക്ക് കൈമാറുന്നതായുള്ള ഉത്തരവ് കൊണ്ടുമാത്രം കാര്യമില്ലെന്നാണു ശ്രീജിത്തിന്റെ നിലപാട്. കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയതായി സിബിഐ അറിയിക്കുംവരെ സമരം തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്ത് പറഞ്ഞിരുന്നത്. പിന്നീട് വീണ്ടും നിലപാട് കടുപ്പിക്കുകയായിരുന്നു. സര്‍ക്കാരില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് പല ഉറപ്പുകളും കിട്ടിയെങ്കിലും ഒരാളെപ്പോലും നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ തെളിവുകളും പൊലീസ് നശിപ്പിച്ചു. അതിനാല്‍ സിബിഐ അന്വേഷണം എങ്ങനെ മുന്നോട്ട് പോകുമെന്ന് നോക്കാമെന്നാണു ശ്രീജിത്ത് പറയുന്നത്.

സമൂഹമാധ്യമ കൂട്ടായ്മ ഏറ്റെടുത്തതോടെയാണു ശ്രീജിവിന്റെ കസ്റ്റഡി മരണം വീണ്ടും സജീവ ചര്‍ച്ചയായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനു കത്തെഴുതി. ശ്രീജിത്തിന്റെ അമ്മ രമണി ഗവര്‍ണറെ കണ്ടു നിവേദനം നല്‍കുകയും കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണു സിബിഐ കേസ് എറ്റെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.