ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് സംഘാടനം തീരെ മോശം: ഫിഫ

0
57

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി രംഗത്ത്. വിജയകരമായി നടത്തിയെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെയാണ് വിമര്‍ശനവുമായി സെപ്പി രംഗത്തെത്തിയത്. പല വേദികളിലും താരങ്ങള്‍ വസ്ത്രം മാറാനെത്തുന്ന സമയത്ത് ഡ്രസിങ് റൂമുകളില്‍ എലികള്‍ ഓടിക്കളിക്കുന്നത് താന്‍ കണ്ടെന്നും താരങ്ങളുടെയും ആരാധകരുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും സെപ്പി ആരോപിച്ചു.

ഇന്ത്യയുടെ സംഘാടന സമിതി ഒട്ടും ശ്രദ്ധ ചെലുത്താതെ പോയ മേഖലകള്‍ നിരവധിയുണ്ട്. ആരാധകരുടെയോ താരങ്ങളുടെയോ ബുദ്ധിമുട്ട് പരിഗണിക്കാന്‍ ആര്‍ക്കും സമയമില്ലായിരുന്നെന്നും പലയിടങ്ങളിലും താരങ്ങള്‍ എലികള്‍ ഓടിക്കളിക്കുന്ന സ്ഥലത്താണ് വസ്ത്രം മാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ വ്യവസായവുമായി ബന്ധപ്പെട്ടുള്ള അഞ്ചാമത് രാജ്യാന്തര കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അര്‍ഥത്തിലും ടൂര്‍ണമെന്റ് വിജയകരമായിരുന്നുവെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയകരമായിരുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതാണ് സത്യം – സെപ്പി പറഞ്ഞു.

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത തരത്തിലുള്ള മല്‍സരങ്ങള്‍ക്ക് സാക്ഷികളാകാന്‍ സാധിച്ചതാണ് ഇവിടുത്തെ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് കൊണ്ടുണ്ടായ ഏക മെച്ചം. ഇവിടുത്തെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍ 17 ലോകകപ്പിന്റെ നിലവാരം പോലുമില്ലല്ലോയെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.

11-ാം മണിക്കൂറില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ ഇത്തരം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സെപ്പി ചൂണ്ടിക്കാട്ടി. ഇത്തരം ടൂര്‍ണമെന്റുകള്‍ക്കുള്ള ഒരുക്കം ഇന്ത്യയില്‍ അവസാന മിനിറ്റിലാണ് പൂര്‍ത്തിയാകുന്നതെന്നും സെപ്പി വിമര്‍ശിച്ചു.