ഈ മാസം 29 വരെ ഡല്‍ഹിയില്‍ ഉപതിരഞ്ഞെടുപ്പിന് വിലക്കുമായി ഹൈക്കോടതി

0
50

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ 20 ആംആദ്മി (എഎപി) എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. എഎപി എംഎല്‍എമാര്‍ കമ്മിഷന്റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ആര്‍. രവീന്ദ്ര ഭട്ട്, എ.കെ. ചൗള എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും രാഷ്ട്രപതിയും വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.

20 എംഎല്‍എമാരെ അയോഗ്യരാക്കി ശുപാര്‍ശ ചെയ്തതിനു പിന്നാലെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നതിനാലാണു ഹര്‍ജി പിന്‍വലിച്ചു പുതിയതു സമര്‍പ്പിച്ചത്.

അതേസമയം, ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്ന ഈ മാസം 29 വരെ ഡല്‍ഹിയിലെ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കി. 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഫെബ്രുവരി ആറിന് മുന്‍പ് വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. പിന്നാലെ രാഷ്ട്രപതി ഇത് അംഗീകരിക്കുകയായിരുന്നു. 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടുവരെ, ഈ എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചതാണ് അയോഗ്യതയ്ക്കു കാരണമായത്. ഇക്കൂട്ടത്തില്‍പ്പെട്ട ആറ് എംഎല്‍എമാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയില്‍ നിലവിലുണ്ട്.