കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിനെതിരായ മൂന്നാം കേസില്‍ വിധി ഇന്ന്

0
58

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ കോടതി വിധി ഇന്നുണ്ടാകും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. രണ്ടാമത്തെ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

1992-94 കാലയളവില്‍ വ്യാജരേഖകള്‍ നല്‍കി ചയിബസ ട്രഷറിയില്‍ നിന്നു 37.63 കോടി രൂപ പിന്‍വലിച്ചതായാണ് കേസ്. ഡിയോഹര്‍ ട്രഷറില്‍ നിന്ന് 82.42 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ മൂന്നരവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ബിര്‍സമുണ്ട ജയിലിലാണ് ലാലുവും മറ്റ് പ്രതികളും. 900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. ആദ്യ കേസില്‍ അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ കേസില്‍ പിന്നീട് സുപ്രീം കോടതി ലാലുവിന് ജാമ്യം നല്‍കിയിരുന്നു.