കേസ് 2014ല്‍ ഒത്തുത്തീര്‍ന്നത്: ബിനോയ് കോടിയേരി

0
66

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി ബിനോയ് കോടിയേരി രംഗത്ത്. വിവാദം 2014ല്‍ ഒത്തുത്തീര്‍പ്പാക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പറഞ്ഞു. നിലവില്‍ തനിക്കെതിരെ കേസൊന്നുമില്ലെന്നും ഇതിന്റെ രേഖകള്‍ ഉടന്‍തന്നെ ദുബായ് കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വിശദാംശങ്ങളുമായി അച്ഛന്‍ (കോടിയേരി ബാലകൃഷ്ണന്‍) മാധ്യമങ്ങളെ കാണുമെന്നും ബിനോയ് പറഞ്ഞു.

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണ് ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് നല്‍കിയെന്നാണ് ആരോപണം.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് 13 കോടി രൂപയുടെ കണക്കെന്ന് കമ്പനി വ്യക്തമാക്കി.