കോടികള്‍ തട്ടിയെടുത്ത് മുങ്ങിയത് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയെന്ന് കെ.സുരേന്ദ്രന്‍

0
62

തിരുവനന്തപുരം: ദുബായിലെ കമ്പനിയില്‍ നിന്ന് 13 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ആണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കോടിയേരിയും പിണറായിയും ഇക്കാര്യത്തില്‍ മൗനം വെടിയണമെന്ന് സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സിപിഎം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്ലിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയല്‍ കൊണ്ടുവരണം.

കേരളത്തിലെ ഉന്നത സിപിഎം നേതാവിന്റെ മകന്‍ ദുബായില്‍ പതിമൂന്നുകോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വെളിപ്പെടുത്തലുമായി സുരേന്ദ്രന്‍ രംഗത്ത് വന്നത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയില്‍ ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ കേസെടുത്തിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടും. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കി.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്‌നപരിഹാരത്തിന് അവര്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണു സൂചന. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.