ജൊഹനാസ്ബര്‍ഗ് ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

0
50

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പല തരത്തിലുള്ള വിവാദങ്ങള്‍ക്ക് ശേഷം അജിങ്ക്യ രഹാനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ശേഷവും രണ്ടം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഭുവനേശ്വര്‍ കുമാറും ടീമില്‍ തിരിച്ചെത്തി. രോഹിത്ത് ശര്‍മ്മയ്ക്ക് പകരമാണ് രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആര്‍.അശ്വിന് പകരമാണ് ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍സിയില്‍ കോഹ്‌ലിയുടെ ആക്രമണോത്സുകതയെ വാനോളം പുകഴ്ത്തിയവര്‍ തന്നെ ടൂര്‍ണ്ണമെന്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ കോഹ്‌ലിയെ ക്രൂശിക്കുന്ന കാഴ്ചയ്ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വമ്പന്‍ തോല്‍വികളോടെ പരമ്പര അടിയറവെച്ച ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം, ആശ്വാസജയം തേടി തന്നെയാണ് ഇന്ന് അവസാന ടെസ്റ്റിനിറങ്ങുന്നത്. ഇനിയുമൊരു തോല്‍വി കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കു നേരെയുള്ള കല്ലേറുകൂട്ടും. ബാറ്റിങ് നിരയിലെ പലരുടെയും തൊപ്പി തെറിപ്പിക്കുകയും ചെയ്യും.

ജീവന്‍മരണപോരാട്ടത്തിന് മുന്‍പ് ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടുന്നതു ബാറ്റിങ് നിരയെക്കുറിച്ചുള്ള ആശങ്കകളാണ്. രണ്ടു ടെസ്റ്റുകളിലും ബൗളിങ് നിര വിജയം ഇന്ത്യയുടെ അരികിലെത്തിച്ചെങ്കിലും ലക്ഷ്യം മറന്ന ബാറ്റിങ് നിര വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് കളി ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്ന് അകറ്റുകയായിരുന്നു. ജൊഹാനസ്ബര്‍ഗിലെ പച്ചനിറഞ്ഞ പിച്ചില്‍ സ്പിന്നറെ ഒഴിവാക്കി അഞ്ചു പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇതുവരെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിട്ടില്ല. 97ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ നേതൃത്വത്തില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പര കളിച്ച് 2-0നു തോറ്റതാണ് ഇതുവരെയുള്ള ഏറ്റവും മോശം പ്രകടനം.