തനിക്കെതിരെ വിമര്‍ശനമുന്നയിച്ച മുതിര്‍ന്ന ജഡ്ജിമാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

0
49

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ തന്റെ പ്രവര്‍ത്തന രീതിയെ പരസ്യമായി വിമര്‍ശിച്ച മുതിര്‍ന്ന നാല് ജഡ്ജിമാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ഇന്നു വൈകിട്ടായിരിക്കും ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തുക.

വിമര്‍ശനമുന്നയിച്ചുള്ള ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തിന്
പിന്നാലെ ഇവരുമായി ചീഫ് ജസ്റ്റിസ് രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ചര്‍ച്ചയ്ക്കായി രണ്ടാംതവണ കൂടിക്കണ്ടപ്പോള്‍ ജഡ്ജിമാര്‍ ചില പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും ‘പരിശോധിച്ചിട്ട് അറിയിക്കാം’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതിന് പിന്നാലെയാണ് മൂന്നാം കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നത്.

ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ നടന്ന 15 മിനിറ്റ് നീണ്ട ആദ്യചര്‍ച്ചയില്‍ ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരും പങ്കെടുത്തിരുന്നു. കഴിഞ്ഞ 18ന് നടന്ന രണ്ടാം കൂടിക്കാഴ്ചയില്‍ ജഡ്ജിമാരായ എ.കെ.സിക്രി, എന്‍.വി.രമണ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ സന്നിഹിതരായി.

സുപ്രീംകോടതിയില്‍ പാലിച്ചുപോന്ന രീതിക്ക് വിരുദ്ധമായി, സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിന് നല്‍കുന്നതാണു ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന നടപടി പിഴവ്. സിബിഐ ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പരിഗണിച്ച ദിവസമാണ് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചത്.