പദ്മാവത് പ്രതിഷേധം; ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിനു നേരെ അക്രമികളുടെ കല്ലേറ്

0
46

ഗുഡ്ഗാവ്: ബോളിവുഡ് ചിത്രം പദ്മാവതിനെതിരെ പ്രതിഷേധപ്രകടനം നടക്കുന്നതിനിടെ ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിനു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. സ്‌കൂള്‍ ബസിനു തൊട്ടു മുന്നിലുണ്ടായിരുന്ന സര്‍ക്കാര്‍ ബസിനു തീയിട്ടതിനു പിന്നാലെയായിരുന്നു കല്ലേറ്.

ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ബസിലുണ്ടായിരുന്നു. സീറ്റിന്റെ മറവില്‍ ഒളിച്ചാണ് പലരും കല്ലേറില്‍ നിന്നു രക്ഷപ്പെട്ടത്. പലരും ഭയം കൊണ്ട് നിലവിളിച്ചു. കല്ലേറിനെത്തുടര്‍ന്ന് കുട്ടികള്‍ വാഹനത്തില്‍ കിടന്നാണു രക്ഷപ്പെട്ടത്. അധ്യാപകര്‍ കുട്ടികള്‍ക്ക് മറ തീര്‍ക്കുകയും ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് ബസിനകത്ത് കുട്ടികള്‍ അനുഭവിച്ച പ്രശ്‌നങ്ങളുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ബസിലാകെ ചില്ലുകഷ്ണങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ പൊലീസ് സമീപത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്നും അധ്യാപകര്‍ പരാതി പറയുന്നു. ഡല്‍ഹി-ജയ്പുര്‍ ദേശീയപാതയും അക്രമികള്‍ ഉപരോധിച്ചു.