മകനെതിരെയുള്ള കോടികളുടെ തട്ടിപ്പ് കേസ് കോടിയേരിയ്ക്ക് തലവേദനയാകുമോ?

0
76

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ബിനോയ്‌ കോടിയേരി ദുബായില്‍ അകപ്പെട്ട 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തലവേദനയാകുമോ? മകന്റെ സാമ്പത്തിക തട്ടിപ്പ് സംബന്ധമായി നേരത്തെ തന്നെ അറിയുകയും മകനെ സംരക്ഷിക്കുകയും ചെയ്യുന്ന ആള്‍ക്ക് എങ്ങിനെ പാര്‍ട്ടി സെക്രട്ടറിയായി തുടരാന്‍ കഴിയും എന്നാണ് സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ ഉയരുന്ന ചോദ്യം.

ബിനോയ്‌ കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിന്റെ കഥ മുഴുവന്‍ പുറത്തുവന്നതാണ്‌ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ഇത്തരം വിവാദങ്ങള്‍ സാധാരണ ഉയരുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ്. എന്നാല്‍ ഇത്തവണ അത് സിപിഎം എന്ന ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകനെതിരെയാണ് എന്നതാണ് വിവാദങ്ങള്‍ക്ക് ശക്തി കൂട്ടുന്നത്.

ഒരു തൊഴിലാളി വര്‍ഗ നേതാവിന്റെ മകന്‍ ഓഡി കാറില്‍ സഞ്ചരിക്കുന്നു എന്നത് തന്നെ സിപിഎമ്മിന് ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമായി മാറുന്നു. ഓഡി കാര്‍ വാങ്ങാനുള്ള പണം എവിടെ നിന്നും വന്നു എന്നും ചോദ്യം ഉയരും.  നിലവിൽ തനിക്കെതിരെ കേസൊന്നുമില്ല. ഇതിന്റെ രേഖകൾ ഉടൻ തന്നെ ദുബായ് കോടതിയിൽ നൽകും. ആരോപണം രാഷ്ട്രീയ രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ല. വിശദാംശങ്ങളുമായി അച്ഛൻ മാധ്യമങ്ങളെ കാണും എന്നാണ് ബിനോയ്‌ ചാനലുകളോട്‌ പ്രതികരിച്ചത്.

പക്ഷെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പറഞ്ഞത് ആരോപണങ്ങളോട് മകന്‍ തന്നെ പ്രതികരിക്കും എന്നാണ്. മക്കള്‍ പലപ്പോഴും വിവാദങ്ങളില്‍ ചെന്നുപെടുന്നത് കോടിയേരിയെ ഇത്തിരിയൊന്നുമല്ല വലയ്ക്കുന്നത്.
കോടിയേരി കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ തട്ടിത്തെറിപ്പിച്ച് മകന്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുവന്നത്‌ വിവാദമായിരുന്നു.

കൊച്ചിയില്‍ 10 കോടിയ്ക്ക്‌ സ്ഥല കൈമാറ്റം നടക്കാനിരിക്കെ അതില്‍ ഇടപെട്ട് സ്ഥലം വാങ്ങുന്ന ആളെ വിരട്ടിയതിനെ ചൊല്ലി പരാതി ഉയര്‍ന്നത് കോടിയേരിയുടെ മറ്റൊരു മകനെതിരെയായിരുന്നു.

കോടിയേരി തന്നെ നയിച്ച സിപിഎമ്മിന്റെ ജനഗ്രാതാ യാത്രയ്ക്ക് അകമ്പടിയായാണ്‌ കോടിയേരി ഉള്‍പ്പെട്ട കാര്‍ വിവാദം ഉയര്‍ന്നുവന്നത്. ജനജാഗ്രതാ യാത്രയ്ക്ക് കൊടുവള്ളിയില്‍ സ്വീകരണം നല്‍കിയപ്പോള്‍ കോടിയേരി സഞ്ചരിച്ചത് മിനി കൂപ്പര്‍ കാറിലായിരുന്നു. ഈ കാര്‍ ജനജാഗ്രതാ യാത്രയെ തന്നെ വിവാദത്തിലാക്കി.

കാര്‍ ഉടമ കാരാട്ട് ഫൈസല്‍ ഹവാല കേസിലെ പ്രതി കൂടിയാണെന്ന വിവരം പുറത്തുവന്നതോടെ വിവാദം കൊഴുത്തു. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാവ് നയിക്കുന്ന യാത്രയ്ക്ക് മിനി കൂപ്പര്‍ കാര്‍ ഉപയോഗിച്ചതിനെ ചൊല്ലി പാര്‍ട്ടിയ്ക്കകത്തും വിവാദം ഉയര്‍ന്നു.

ഇപ്പോള്‍ പ്രതി സ്ഥാനത്ത് കോടിയേരിയുടെ മൂത്ത മകനായ ബിനോയ്‌ കോടിയേരിയാണ്. ദുബായില്‍ ഓഡി കാര്‍ വാങ്ങിയ വകയില്‍ 53.61 ലക്ഷം രൂപ, ബിസിനസ് ചെലവുകള്‍ക്ക് 7.7 കോടി രൂപ. പണം നല്‍കിയ ടൂറിസം കമ്പനിയ്ക്ക്‌ മൊത്തം ബിനോയ്‌ നല്‍കാനുള്ളത് 13 കോടിയോളം രൂപ.

കേസില്‍ ഇന്റര്‍പോള്‍ ഇടപെട്ടേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഒട്ടേറെ വിവാദങ്ങളാണ് ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റി ഉയര്‍ന്നുവരുന്നത്.