സൊഹ്‌റാബുദീന്‍ കേസ്; കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുണ്ടായിരുന്ന മാധ്യമ വിലക്ക് നീക്കി

0
46

മുംബൈ: സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയ കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ യൂണിയനും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയിലൂടെ പ്രത്യേക സിബിഐ കോടതി അതിന്റെ അധികാര പരിധി ലംഘിച്ചതായി ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രേവതി മോഹിത്‌ദേരെ നിരീക്ഷിച്ചു. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ഹൈക്കോടതികള്‍ക്കും സുപ്രീംകോടതിക്കും മാത്രമേയുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കി.

കുറ്റാരോപിതരുടെയും സാക്ഷികളുടെയും കേസില്‍ വാദികള്‍ക്കായും പ്രതികള്‍ക്കായും ഹാജരാകുന്ന അഭിഭാഷകരുടെയും സുരക്ഷ ചൂണ്ടിക്കാട്ടിയാണ് 2017 നവംബര്‍ 29ന് സൊഹ്‌റാബുദീന്‍ കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് പ്രത്യേക സിബിഐ കോടതി മാധ്യമങ്ങളെ വിലക്കിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ആരോപണശരം നേരിട്ട കേസാണ് സൊഹാറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. സൊഹ്‌റാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണു കേസ്.