അതിര്‍ത്തിയിലെ പ്രകോപനം: ഇന്ത്യ-പാക് അതിര്‍ത്തി സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച

0
75

ശ്രീനഗര്‍: അതിര്‍ത്തി മേഖലയില്‍ നിരന്തരം വെടിവെയ്പ്പ് തുടരുന്ന സാഹചര്യത്തില്‍ പരിഹാര ശ്രമവുമായി ഇന്ത്യ-പാക് അതിര്‍ത്തി സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ബിഎസ്എഫിന്റെയും പാകിസ്ഥാന്‍ റെയ്ഞ്ചേഴ്സിന്റെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ ആര്‍എസ് പുരയിലെ ഓക്ട്രോയ് പോസ്റ്റില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ജമ്മു കശ്മീരില്‍ അതിര്‍ത്തി പ്രദേശത്തെ നീയന്ത്രിത മേഖലയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ച.

ജനുവരി 17 മുതല്‍ 22 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും രണ്ട് ബിഎസ്എഫ് ജവാന്മാരും നാല് സൈനികരും ഏഴ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ നിയന്ത്രണ മേഖലയില്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് 26 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ 29 വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല.