അനാഢ്യ പത്രപ്രവര്‍ത്തകരെ തൊട്ടാല്‍ നിങ്ങള്‍ക്കൊന്നുമില്ലെ?: മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരോട് അനന്തുവിന്റെ അമ്മ

0
67


കൊച്ചി: വടയമ്പാടിയിലെ ജാതി മതിലിനെതിരായ ദലിത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ട് യുവ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിക്കാത്തതിനെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഡെക്കാണിലെ ഇന്റേണ്‍ മാധ്യമപ്രവര്‍ത്തകനായ അനന്തു ആശ രാജഗോപാലിന്റെ അമ്മ ആശ ലതയാണ് പോസ്റ്റിട്ടിരിക്കുന്നത്.

ഡെക്കാണ്‍ ക്രോണിക്കിളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന അനന്തു അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് പോര്‍ട്ടിന്റെ എഡിറ്റര്‍ അഭിലാഷ് പടച്ചേരിയായിരുന്നു അറസ്റ്റിലായ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍. ശശി വടയമ്പാടി എന്ന സമര നേതാവിനേയും ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയച്ചിരുന്നു. ഇവര്‍ മൂന്ന് പേര്‍ക്കും ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു.

വടയമ്പാടിയിലെ ദളിത് ഭൂ സമരവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റാണെന്നാരോപിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

ആശ ലതയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വെബ് പോര്‍ട്ടലിലെ ജേര്‍ണലിസ്റ്റും പത്രത്തില്‍ ഇന്റേണ്‍ ചെയ്യുന്ന പത്രക്കാരനും നിങ്ങള്‍ ചെയ്യുന്ന അതേ പണിയായ പത്രപ്രവര്‍ത്തനം തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ ആഭിജാത്യം കൂടിയ പത്രക്കാരെ ഒന്നു തൊട്ടാല്‍ക്കൂടി മനുഷ്യാവകാശം പറയുന്ന നിങ്ങള്‍ രണ്ട് അനാഢ്യ പത്രക്കാരെ മൂന്നുദിവസമായി റിമാന്‍ഡില്‍ വച്ചിരിക്കുന്നത് കണ്ടില്ലേ? അതോ അത്രക്കങ്ങ് ആഭിജാത്യം കൊണ്ട് കണ്ണു കാണാതായോ? ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. ഒരു പ്രതിഷേധവും ഒരു ചുക്കും കണ്ടു വില്ല, നിങ്ങടെ മഹത്തായ ചാനലിലോ പത്രത്തിലോ ഒന്നും. അതുപോട്ടെ. നിങ്ങളില്‍ ചിലര്‍ ഒരുളുപ്പുമില്ലാതെ പൊലീസ് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി ഇവര്‍ക്ക് മാവോയിസ്റ്റ് ചാപ്പ കുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഫീല്‍ഡിലും ഡെസ്‌ക്കിലുമുള്ള പത്രാചാര്യന്മാര്‍, പലപ്പോഴും പത്രപ്രവര്‍ത്തനം പഠിപ്പിക്കുന്നവര്‍ പൊലീസു പറയുന്നത് കണ്ണടച്ചു വിഴുങ്ങുകയാണോ ചെയ്യുന്നത്? നിങ്ങള്‍ തരുന്ന വാര്‍ത്ത ഞങ്ങള്‍ എന്തു പറഞ്ഞ് വിശ്വസിക്കും ജനാധിപത്യത്തിന്റെ ‘നെടുംതൂണു’കളേ?