അമ്മയുടെ കയ്യില്‍ നിന്ന് വീടുള്‍പ്പെടെ സ്വത്ത് എഴുതി വാങ്ങി മകനും ഭാര്യയും; പക്ഷാഘാതം പിടിപെട്ട അമ്മ ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍

0
456

 

എം.മനോജ്‌ കുമാര്‍ 

കൊച്ചി : വൃദ്ധയും രോഗിയുമായ അമ്മയുടെ കയ്യില്‍ നിന്ന് സ്വത്ത് എഴുതി വാങ്ങിയ മകനും ഭാര്യയും അമ്മയെ നോക്കുന്നില്ലെന്നു പരാതി. വീട്ടില്‍ നിന്ന് രോഗാവസ്ഥയില്‍ കുടിയിറക്കപ്പെട്ട അമ്മയെ ആര്‍ഡിഒയുടെ ഉത്തരവ് പ്രകാരം മരുമകള്‍ വീട്ടില്‍ കയറ്റിയെങ്കിലും അവരുടെ വധ ഭീഷണി ഉള്ളതിനാല്‍ അമ്മ ഭയന്ന് മുറിയടച്ച് ഒറ്റയ്ക്ക് കഴിയുന്നു.

ആര്‍ഡിഒയുടെ ഇടപെടല്‍ ഉള്ളത് കൊണ്ട് മാത്രമാണ് അമ്മയായ ശാന്തകുമാരിയ്ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിയുന്നതും. കൊച്ചി മരടിലാണ് കേരളത്തിലെ സാമൂഹ്യ അവസ്ഥകളുടെ പ്രതിഫലനമായി മാറിയ ദുരന്തം.

അറുപത്തിയെട്ട് വയസുകാരിയായ ശാന്തകുമാരി വാര്‍ധക്യത്തിന്റെയും പക്ഷാഘാതത്തിന്റെയും അവശതകള്‍ക്കൊപ്പം മരുമകളില്‍ നിന്നുള്ള വധഭീഷണിയും ഭയന്നാണ് കഴിയുന്നത്. 16 സെന്റ്‌ സ്ഥലം സ്വന്തമായി ഉണ്ടായിരിക്കെയാണ് പിതാവിന്റെ ചികിത്സയുടെ പേരില്‍ ഒരേ ഒരു മകനായ രഞ്ജിത്ത് സ്വത്ത് എഴുതി വാങ്ങിയത്. അത് ഭീഷണി മുഴക്കി എഴുതി വാങ്ങിയെന്നാണ് മകളായ രാധിക ആരോപിക്കുന്നത്. കാരണം 16 സെന്റ്‌ ഉണ്ടായിട്ടും മറ്റ് രണ്ടു പെണ്‍കുട്ടികള്‍ക്കും ഈ അമ്മ ഒന്നും നീക്കിവെച്ചിട്ടില്ല.

മകന്‍ രഞ്ജിത്ത് ഗള്‍ഫിലാണ്. മരുമകള്‍ വീണയാണ് ശാന്തകുമാരിയ്ക്ക് ഒപ്പമുള്ളത്. മരുമകളെ ശാന്തകുമാരിയ്ക്ക് ഭയമാണ്. സ്വത്ത് മുഴുവന്‍ മകന് നല്‍കിയതിനാല്‍ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തം സ്വാഭാവികമായും മകന്‍ തന്നെ ഏറ്റെടുക്കണമെന്നാണ് മകളായ രാധിക 24 കേരളയോട് പറഞ്ഞത്.

രാധിക കുടുംബത്തിനൊപ്പം പെരുമ്പാവൂരിലാണ് താമസം. അതുകൊണ്ട് തന്നെ മരടിലുള്ള അമ്മയെ ശുശ്രൂഷിക്കാന്‍ തനിക്ക് പരിമിതികളുണ്ടെന്നും അവര്‍ പറയുന്നു. ശാന്തകുമാരിയുടെ മകന്‍ രഞ്ജിത്ത് ഗള്‍ഫിലാണെങ്കിലും മരുമകള്‍ പറയുന്നത് അനുസരിച്ചാണ് രഞ്ജിത്തിന്റെ ജീവിതം.

മരുമകളായ വീണയ്ക്ക് ശാന്തകുമാരിയെ ഇഷ്ടമല്ല. ശാന്തകുമാരിയെ ഒരു ബാധ്യതയായാണ് അവര്‍ കാണുന്നത്.
അമ്മയുടെ ഈ ദുരിതം കണ്ടു മടുത്തിട്ടാണ് മകള്‍ രാധിക പൊലീസിലും ഫോര്‍ട്ട്‌ കൊച്ചി ആര്‍ഡിഒയ്ക്കുമൊക്കെ പരാതി കൊടുത്ത് അമ്മയ്ക്ക് സംരക്ഷണം ഉറപ്പാക്കിയത്.

അമ്മയുടെ മൊബൈല്‍ സിം വരെ മരുമകള്‍ വീണ ഊരി മാറ്റിയതായി രാധിക പറയുന്നു. ആര്‍ഡിഒയ്ക്ക് പരാതി നല്‍കി വരുമ്പോള്‍ വീട് പൂട്ടി മരുമകള്‍ അകത്തിരുന്നു. ഗെയ്റ്റ്‌ വരെ പൂട്ടിയിട്ടാണ് മരുമകള്‍ വീടിനു അകത്തിരുന്നത്. അമ്മയെ വീടിനു അകത്ത് കയറ്റാന്‍ ഫോര്‍ട്ട്‌ കൊച്ചി ആര്‍ഡിഒ തന്നെ സ്ഥലത്ത് എത്തേണ്ടി വന്നു. ആര്‍ഡിഒ വന്നാണ് വീട് തുറന്നത്.

ശാന്തകുമാരിയെ ശുശ്രൂഷിക്കാന്‍ ആര്‍ഡിഒ  മറ്റൊരു മകളായ രമ്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹിയറിംഗ് കഴിയുന്നത് വരെ രമ്യ ഈ വീട്ടില്‍ താമസിച്ച് അമ്മയെ പരിപാലിക്കണമെന്നാണ് ആര്‍ഡിഒ ഉത്തരവിട്ടത്. രമ്യ വീട്ടില്‍ നില്‍ക്കുന്നുണ്ട്. പക്ഷെ അവര്‍ രാവിലെ ജോലിയ്ക്ക് പോകും. വൈകീട്ടേ തിരിച്ചു വരൂ.

അപ്പോള്‍ അമ്മ ഒറ്റയ്ക്കാണ്. മരുമകള്‍ വധഭീഷണി ഉയര്‍ത്തിയതിനാല്‍ അമ്മ ജനല്‍ വരെ അടച്ചിട്ടാണ് താമസിക്കുന്നത്. മകളുടെ ശബ്ദം കേട്ട് ഉറപ്പ് വന്നാല്‍ മാത്രമേ അമ്മ ജനലോ വാതിലോ തുറക്കുകയുള്ളൂ. ആര്‍ഡിഒയുടെ ഹിയറിംഗ് നടക്കുകയാണ്. പക്ഷെ ആ ഹിയറിംഗ് കഴിയും മുന്‍പ് അമ്മയ്ക്ക് ജീവഹാനി നേരിടുമോ എന്നാണ് മക്കളായ രാധികയും രമ്യയും ഭയക്കുന്നത്.