ആഗോളതാപനവും പരിസ്ഥിതി മൗലികവാദവും അവയുടെ വസ്തുതകളും

0
77

ഋഷിദാസ്

ഭൂമിയിലെ മനുഷ്യന്റെ ഇടപെടലുകള്‍ പ്രകൃതിയെ പല രീതിയിലും ദോഷകരമായി ബാധിക്കുന്നുണ്ടെന്നത് സംശയത്തിനിടനല്‍കാത്ത ഒരു വസ്തുതയാണ്. ആ ഇടപെടലുകളുടെ ദോഷവശങ്ങള്‍ കഴിയുന്നത്ര കുറച്ച് ഭൂമിയുമായി സമരസപ്പെട്ടുപോകേണ്ടത് തന്നെയാണ് മനുഷ്യന്റെ പരമമായ കര്‍ത്തവ്യം. എന്നിരുന്നാലും ആഗോളതാപനമെന്നും കാലാവസ്ഥാ വ്യതിയാനം എന്ന് പറഞ്ഞ് ചില പ്രവര്‍ത്തകരും സംഘടനകളും നടത്തുന്ന കള്ളപ്രചാരണങ്ങളും വിക്രിയകളും കാണുമ്പോള്‍ ചിലത് പറയാതിരിക്കാന്‍ സാധ്യമല്ല. ഇവര്‍ നടത്തുന്നത് തരംതാണ പരിസ്ഥിതിമൗലികവാദം എന്ന് പറയാതിരിക്കുന്നതാണ് ശാസ്ത്ര വിരുദ്ധത

കഴിഞ്ഞ ഇരുപതിനായിരം കൊല്ലത്തെ ഭൂമിയിലെ കടല്‍ നിരപ്പിലെ വ്യത്യാസം

ഭൂമി ഉടലെടുത്ത ശേഷം ഇന്നുവരെ, കാലാവസ്ഥ എന്നത് മാറ്റത്തിന് വിധേയമാണ്. ആദ്യ കാലങ്ങളില്‍ താപനില ഇപ്പോഴുള്ളതിലും വളരെ കൂടുതലായിരുന്നു. പിന്നീട് സൂര്യനില്‍ നിന്നുള്ള ഊര്‍ജോത്പാദനത്തിന്റെ തോത്, ഭൂമിയുടെ ഭ്രമണപഥത്തില്‍ വരുന്ന ചെറുമാറ്റങ്ങള്‍, ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്, അഗ്‌നി പര്‍വത സ്‌ഫോടനങ്ങളുടെ ആവൃത്തിയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഭൂമിയിലെ കാലാവസ്ഥയെ ബാധിക്കുന്നുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തില്‍ വക്രതകള്‍, അച്ചുതണ്ടിന്റെ ചരിവിലെ വ്യത്യാസങ്ങള്‍, ഭൂമിയുടെ ഓര്‍ബിറ്റിന്റെ പൊസെഷന്‍ എന്നിവ നിമിത്തം ഭൂമിയില്‍ എത്തിച്ചേരുന്ന സൗര ഊര്‍ജത്തിന്റെ അളവിലുണ്ടാകുന്ന ചാക്രിക മാറ്റങ്ങളെ മൈലങ്കോവിച്ച് സൈക്കിളുകള്‍ എന്നാണ് വിളിക്കുന്നത്. ഈ കാരണങ്ങളിലെ അവസാന കണ്ണിയാണ് മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ അഞ്ചോ ആറോ കോടി വര്‍ഷത്തിനിടക്കാണ് ഭൂമിയില്‍ നാം ഇപ്പോള്‍ കാണുന്ന തരത്തിലുള്ള ജീവജാലങ്ങള്‍ ഉടലെടുത്തത് എന്ന് പറയാം. ഈ കാലയളവിലെ കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റിയും ഇപ്പോള്‍ അറിവുകള്‍ ലഭ്യമാണ്.

കഴിഞ്ഞ അമ്പത് ലക്ഷം വര്‍ഷത്തെ ഭൂമിയിലെ താപനിലയിലെ വ്യതിയാനം

മനുഷ്യന്റെ ഒരു പ്രവര്‍ത്തനവും ഇല്ലാതിരുന്നിട്ടുകൂടി കഴിഞ്ഞ അമ്പതു ലക്ഷം വര്‍ഷങ്ങളില്‍ ഇരുനൂറിലധികം ഹിമയുഗങ്ങളും ഉഷ്ണയുഗങ്ങളും ഉണ്ടായിട്ടുണ്ട് ഇവ ചാക്രികമായാണ് ഉണ്ടാകുന്നത്. ഈ കാലാവസ്ഥ ചക്രങ്ങളെപ്പറ്റിയുള്ള പൂര്‍ണ വിവരം അന്റാര്‍ട്ടിക്കയിലെ ഐസ്‌കോറുകളുടെ പഠനത്തില്‍ നിന്നും ഇപ്പോള്‍ ലഭ്യമാണ്. ലഭ്യമായ അറിവ് പ്രകാരം ഭൂമിയിലെ കാലാവസ്ഥ ചാക്രിക ചക്രങ്ങളുടെ ഒരു പ്രവാഹമാണ്. ഇതില്‍ ഒരു ലക്ഷം വര്‍ഷത്തെ കാലയളവുള്ള ചക്രം മുതല്‍ നാനൂറു കൊല്ലം കാലയളവുള്ള ചക്രം വരെയുണ്ട്. നാനൂറു കൊല്ലം കാലയളവുള്ള ചക്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുനൂറു കൊല്ലം മുമ്പേ ഭൂമിയില്‍ താപനില താഴുകയും ഒരു ചെറു ഹിമയുഗം രൂപപ്പെട്ടതും. ആ ചെറുഹിമയുഗത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് യൂറോപ് ആകമാനം ഭക്ഷ്യക്ഷാമം ഉണ്ടായതും, അതിനൊപ്പം രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചതും. ഉഷ്ണയുഗങ്ങളെക്കാള്‍ നൂറുമടങ്ങ് അപകടകാരികളാണ് ഹിമയുഗങ്ങള്‍. ഇത് കൂടാതെ മഴയുടെ അളവില്‍ മാറ്റം വരുത്തുന്ന 1500-2000 വര്‍ഷം കാലയളവുള്ള ബോണ്ട് ഇവന്റസും ഉണ്ട്. ഇത്തരത്തില്‍ ഏതാണ്ട് 5900 വര്‍ഷം മുമ്പ് സംഭവിച്ച ഒരു കാലാവസ്ഥാ വ്യതിയാനമാണ് സാവന്ന പ്രദേശമായ സഹാറ പ്രദേശത്തെ ലോകത്തെ ഏറ്റവും വലിയ മരുഭൂമി ആക്കിയത്.

മൈലങ്കോവിച്ച് സൈക്കിളുകള്‍

ഏതാണ്ട് പതിനയ്യായിരം കൊല്ലം മുമ്പാണ് ഏറ്റവും അടുത്ത വലിയ ഹിമയുഗത്തില്‍ നിന്നും ഭൂമി പുറത്തു വന്നത്. ഇരുപതിനായിരം കൊല്ലം മുമ്പ് കടല്‍ നിരപ്പുതന്നെ ഇപ്പോഴത്തേതിനും 150 മീറ്റര്‍ താഴെയായിരുന്നു. ഒരു ഹിമയുഗം കഴിഞ്ഞാല്‍ ഒരു ഉഷ്ണയുഗം അതാണ് ഭൂമിയില്‍ നടക്കുന്ന കാലാവസ്ഥയുടെ ചക്രം. ഈ ഉഷ്ണയുഗം ഇനി ഏറിവന്നാല്‍ ഒരു അയ്യായിരം കൊല്ലം നിലനില്‍ക്കും അതിനുശേഷം ഭൂമി അടുത്ത ഹിമയുഗത്തിലേക്ക് വഴുതും. ഈ പ്രതിഭാസത്തില്‍ ഉള്‍പ്പെടുന്ന ശക്തികള്‍ മനുഷ്യന്റെ സ്വാധീനത്തിനും വളരെ വിദൂരവും ശക്തവുമായ കാരണങ്ങളാണ്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ താപനില ഉയര്‍ത്തുന്നുവെന്നത് നിസ്തര്‍ക്കമാണ്. പക്ഷെ താപനില ഉയര്‍ത്തുന്നതില്‍ മറ്റു പ്രാകൃതിക പ്രതിഭാസങ്ങളും കനത്ത പങ്കു വഹിക്കുന്നുണ്ട്.