ഐപിഎല്ലില്‍ പുതിയ ദൗത്യവുമായി സഹീര്‍ഖാന്‍

0
65

ഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ സഹീര്‍ ഖാന്‍ ഉണ്ടാവില്ലയെന്ന് നേരത്തെ താരം അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകനായിരുന്ന താരം ഇപ്രാവശ്യവും ഐപിഎല്ലിലുണ്ടാവും. പക്ഷേ, ഇത്തവണ കളിക്കാരനായല്ല സഹീര്‍ ഖാന്‍ എത്തുന്നത്.

കമന്ററി ബോക്സിലാകും ഐപിഎല്ലില്‍ ഇനി സഹീര്‍ ഖാനുണ്ടാവുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചില ടീമുകളില്‍ നിന്ന് പരിശീലകനാകാന്‍ ഓഫറുകളുണ്ടായിരുന്നെങ്കിലും അവയെ മറികടന്ന് കമന്റേറ്ററാവാന്‍ സഹീര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമല്ല ഈ മുപ്പത്തിയൊന്‍പതുകാരന്‍ കമന്റേറ്ററാവാന്‍ ഒരുങ്ങുന്നത്. 2017 ല്‍ ഇന്ത്യന്‍ ടീമിന്റെ നാട്ടിലെ പരമ്പരകള്‍ക്ക് കമന്റേറ്ററായിരുന്ന സഹീര്‍, ടീമിന്റെ വെസ്റ്റിന്‍ഡീസ്, ശ്രീലങ്കന്‍ പര്യടനങ്ങളിലും കമന്റേറ്ററായുണ്ടായിരുന്നു.

ഐപിഎല്ലില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത സഹീര്‍, കഴിഞ്ഞ വര്‍ഷം ഡല്‍ഹിയുടെ നായകനും ബൗളിംഗ് കോച്ചുമായിരുന്നു. സഹീര്‍ ഖാന്‍ 2014 ലാണ് അവസാനമായി ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചത്.