ഓണ്‍ലൈന്‍ തട്ടിപ്പ്: ഖത്തറില്‍ 16 ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍

0
52

ദോഹ: ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പണം തട്ടിയ 16 ഏഷ്യന്‍ വംശജരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന വ്യാജേന ആളുകളെ വിളിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. മൊബൈല്‍ – ബാങ്ക് വിശദാംശങ്ങള്‍ കൈവശപ്പെടുത്തിയതിനുശേഷം അതുപയോഗിച്ചു പണം അക്കൗണ്ടുകളില്‍നിന്ന് ഇവരുടെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റു പ്രാദേശിക ബാങ്കുകള്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ എന്നിവയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. വന്‍തോതില്‍ പണവും തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ടെലികോം കമ്പനിയില്‍നിന്നു രണ്ടു ലക്ഷം ഖത്തര്‍ റിയാല്‍ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു തട്ടിപ്പു നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു.