കര്‍ണാടകയില്‍ കര്‍ഷക ബന്ദില്‍ വലഞ്ഞ് ജനങ്ങള്‍: നാട്ടിലേക്ക് വരാനാകാതെ മലയാളികളും

0
42

ബെംഗളുരു: മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് കര്‍ണാടകയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. റിപബ്ലിക് ദിനവും ആഴ്ചയവസാനവും തുടര്‍ച്ചയായി അവധിയായതിനാല്‍ നാട്ടിലേക്കു വരാനൊരുങ്ങിയ മലയാളികള്‍ക്കും ബന്ദ് വലിയൊരു തിരിച്ചടിയായി. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി.

മെട്രോ സര്‍വ്വീസുകളെ ബന്ദ് ബാധിച്ചിട്ടില്ല. ഐടി കമ്പനികളായ വിപ്രോയും ഇന്‍ഫോസിസും ജീവനക്കാര്‍ക്ക് അവധി നല്‍കി. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ന് രണ്ടരയ്ക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൈസുരുവില്‍ പരിവര്‍ത്തന യാത്രയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. സമ്മേളനത്തെയും ബന്ദ് ബാധിക്കുമെന്നാണു വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്ന ഫെബ്രുവരി നാലിന് ബെംഗളുരുവിലും കര്‍ഷക സംഘടനകള്‍ ബന്ദ് നടത്തുന്നുണ്ട്.